ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് വനിതാ ടീമിന് ഹാട്രിക്
Saturday, August 17, 2019 3:55 PM IST
ഹൂസ്റ്റൺ: കായിക യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇടവകകൾ തമ്മിലുള്ള കൂട്ടായ്മയും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യവുമായി യൂത്ത് ഫെല്ലോഷിപ് സംഘടിപ്പിച്ചു വരുന്ന മാർത്തോമ സൗത്ത് വെസ്റ്റ് സ്പോർട്സ് ടുർണമെന്‍റിൽ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ച് വനിതാ ടീമിന് ഹാട്രിക്.

ഇമ്മാനുവേൽ മാർത്തോമ യൂത്ത് ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ MI3 ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിൽ ടെക്സസ്, ഒക്ലഹോമ റീജണുകളിൽനിന്നുള്ള എട്ട് ഇടവകകളാണ് പങ്കെടുത്തത്. പ്രധാനമായും ബാസ്കറ്റ് ബോൾ, ബോളി ബോൾ എന്നീ കായിക മത്സരങ്ങളിൽ കുട്ടികളുടെ മിന്നൽ പ്രകടങ്ങൾ തികച്ചും അവിശ്വസനീയമായ കാഴ്ച ആയിരുന്നു.
ടൂർണമെന്‍റിൽ വിവിധ ഇടവകളിൽ നിന്നും എത്തിയ കായിക പ്രേമികൾ ടുർണമെന്റ്‌ മത്സര ടീമുകളെ വിസിലടിച്ചും, കു...കൂ വിളിച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

ഡോ.റൂബൻ തോമസും ജെഫ്‌റി മാത്യു എന്നിവർ കോച്ചായും റെനിറ്റ തോമസ് ക്യാപ്റ്റനും ആയ ഡാളസ് സെന്‍റ് പോൾസ് ബാസ്കറ്റ് ബോൾ ടീം തുടർച്ചയായ മുന്നാം വർഷവും വിജയ കൊടി പാറി പറപ്പിച്ചു മറ്റു ടീമുകൾക്ക് അഭിമാനമായി മാറി.

സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷം സമ്മാനിച്ച ഡാൻസും, കൂ...കു വിളിയും ഗാലറികളിലെ നിലയ്ക്കാത്ത കരഘോഷവുംമാത്രമല്ല, വിവിധ ഇടവകളിൽ നിന്നും എത്തിയ വൈദികരുടെ പങ്കാളിത്തവും പ്രത്യകം ശ്രദ്ധിക്കപെട്ടു.

ഇടവക സാഹോദര്യത്തിലും ഐക്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മഹനീയവേദിയായി മാറി എന്നു വേണം ഈ സ്പോർട്സ് ടുർണമെന്റിനെ വിശേഷിപ്പിക്കേണ്ടത്.

വിജയികൾക്ക് ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ ഓഗസ്റ്റ് 11 ന് വിശുദ്ധ കുർബാനക്ക് ശേഷം ചേർന്ന യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു.

പ്രായമേറിയവർക്കുവേണ്ടി നടത്തിയ കായിക മത്സരത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ ചർച്ച് വിജയികളാകുകയും എംവിപി ആയി സോബി എബ്രഹാം തെരഞ്ഞെടുക്കപ്പടുകയും ചെയ്തു.

റിപ്പോർട്ട്: എബി മക്കപ്പുഴ