ടെന്നിസിയിൽ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി
Saturday, August 17, 2019 4:44 PM IST
ടെന്നിസി: അമ്മയെയും പതിനഞ്ചുകാരി മകളെയും ക്രൂരമായി പീഡിപ്പിച്ചശേഷം കുത്തി കൊലപ്പെടുത്തിയ പ്രതി സ്റ്റീഫൻ മൈക്കിൾ വെസ്റ്റിന്‍റെ (56) വധശിക്ഷ ഇലക്ട്രിക് ചെയറിലിരുത്തി നടപ്പിലാക്കി.1987 ലാണ് പ്രതിക്ക് കേടതി വധശിക്ഷ വിധിച്ചത്.

1986 ലായിരുന്നു മൈക്കിൾ ഇരുവരെയും കൊലപ്പെടുത്തിയത്. അമ്മയും മകളും താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മകൾ ഷെയ്‌ലാ റൊമിൻസിനെ (15) പീഡനത്തിനിരയാക്കിയ ശേഷം പതിനാലു തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ വാണ്ട നെമിൻസിനെയും കൊലകത്തിക്കിരയാക്കി. നാല്‍പതു തവണയാണ് വാണ്ടയെ കുത്തിയത്.

33 വർഷം ജയിലിൽ കഴിഞ്ഞ പ്രതി അവസാന നിമിഷം വരെ മോചനത്തിനായി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ടെന്നിസിയി‍ൽ സാധാരണ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നതെങ്കിലും പ്രതിക്ക് ഇലക്ട്രിക് ചെയർ ആവശ്യപ്പെടുന്നതിനുള്ള നിയമം നിലവിലുണ്ട്.

ജയിലിൽ വധശിക്ഷ നടപ്പാക്കുമ്പോൾ പുറത്ത് ഫ്രാങ്ക്‌ലിൻ കമ്യൂണി ചർച്ച് സീനിയർ പാസ്റ്റർ കെവിൻ റിഗ്സിന്റെ നേതൃത്വത്തിൽ വധശിക്ഷയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ