വ്യാജ പാസ്‌പോര്‍ട്ടുമായി ന്യൂയോര്‍ക്കിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
Thursday, September 12, 2019 2:29 PM IST
ന്യൂയോര്‍ക്ക്:ഡല്‍ഹി വിമാനത്താവളത്തില്‍ വൃദ്ധന്റെ വ്യാജപാസ്‌പോര്‍ട്ടുമായി ആള്‍മാറാട്ടം നടത്തി ന്യൂയോര്‍ക്കിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹി പോലീസ് പിടികൂടി. നരച്ച മുടിയും താടിയും വളര്‍ത്തി വൃദ്ധനെന്ന് തോന്നിക്കുന്ന രീതിയില്‍ കണ്ണടയും വച്ചു വിമാനത്താവളത്തിലെത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്മാരാണ് പിടികൂടിയത്.

എണ്‍പത്തിയൊന്നു വയസുള്ള അമരിക് സിങ് എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടുമായാണ് അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേല്‍ (32) വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി സംസാരിക്കാതെ പരിഭ്രമിക്കുകയും ചെയ്ത യുവാവിനെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധിച്ചപ്പോളാണ് കള്ളി വെളിച്ചത്തായത്.

റിപ്പോര്‍ട്ട്: പി. പി ചെറിയാന്‍