ഷിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിനു കൊടിയിറങ്ങി
Thursday, September 12, 2019 2:29 PM IST
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഒരുക്കിയ ഏഴാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് സമാപനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് ടീമുകള്‍ പോരാടിയ മത്സരം കാണുവാന്‍ ഷിക്കാഗോ സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ തിങ്ങിനിറഞ്ഞ അയ്യായിരത്തിലധികം കാണികള്‍ സാക്ഷികളായി. മാസങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങള്‍ക്കൊടുവില്‍ കാരിരുമ്പിന്റെ കരുത്തുമായാണ് പന്ത്രണ്ട് ടീമുകളും അങ്കത്തട്ടില്‍ ഇറങ്ങിയത്. കാനഡ കോട്ടയം ബ്രദേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചുകൊണ്ട് ടീം യുകെ. മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയില്‍ നേടി. ജോയി നെടിയകാല സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും ടീം യു.കെ കരസ്ഥമാക്കി.

രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കൊണ്ട് കാനഡ കോട്ടയം ബ്രദേഴ്‌സ് നേടി.

സാബു പടിഞ്ഞാറേല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാരായ ചിക്കാഗോ അരീക്കര അച്ചായന്‍സ് കരസ്ഥമാക്കിയപ്പോള്‍ ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും നാലാം സ്ഥാനക്കാരായ കാനഡ ഗ്ലാഡിയേറ്റേഴ്‌സ് കരസ്ഥമാക്കി.

ഷിക്കാഗോയിലെ ഏറ്റവും വലിയ ഈ കായിക മാമാങ്കത്തിന്റെ വിജയത്തിനു പിന്നില്‍ ഇവിടെ വന്ന എല്ലാ വടംവലി ടീമുകളുടെയും ഷിക്കാഗോയിലെ എല്ലാ നല്ലവരായ വടംവലി പ്രേമികളുടെയും സഹകരണം കൊണ്ടും ഇതിനെല്ലാം ഉപരി സോഷ്യല്‍ ക്ലബ്ബ് കുടുംബാംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണെന്ന് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പിള്ളി, സെക്രട്ടറി റോണി തോമസ്, ട്രഷറര്‍ സണ്ണി ഇടിയാലി, ജോയിന്റെ സെക്രട്ടറി സജി തേക്കുംകാട്ടില്‍, ചെയര്‍മാന്‍ റൊണാള്‍ഡ് പൂക്കുമ്പേല്‍, പി.ആര്‍ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം