ജർമ്മൻ ടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Thursday, September 12, 2019 6:16 PM IST
ഫിലഡൽഫിയ: "ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും വിവിധ
ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്‍റെയും രോഗശാന്തിപ്രാർഥനകളുടെയും "ഹെയ്ൽ
മേരി’ മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വർഗീയ സമാനമായ
അന്തരീക്ഷത്തിൽ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രം സെപ്റ്റംബർ 7 ന്
അക്ഷരാർത്ഥത്തിൽ അമേരിക്കയിലെ ഒരു വേളാങ്കണ്ണി ആയി മാറി.

കിഴക്കിന്‍റെ ലൂർദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയിൽനിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്നേഹത്തിൻ നഗരമായ ഫിലഡൽഫിയാക്ക് തിലകമായി വിരാജിക്കുന്ന ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടന കേന്ദ്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി ആയിരങ്ങൾ ആത്മനിർവൃതിയടഞ്ഞു.

ഭക്തിനിർഭരമായ തിരുനാളിൽ വർണ, വർഗ, ഭാഷാവ്യത്യാസം മറന്ന് തമിഴരും തെലുങ്കരും കന്നടക്കാരും ഹിന്ദിക്കാരും മലയാളികളും ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളും ലാറ്റിനോ ക്രൈസ്തവരും ഹിന്ദുക്കൾ ഉൾപ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും പങ്കെടുത്തു.

ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനാപള്ളി സഹ വികാരി ഫാ. രാജീവ് വലിയവീട്ടിൽ, സീറോ മലബാർപള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നിവർ തി രുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

സെൻട്രൽ അസോസിയേഷൻ ഓഫ് മിറാçലസ് മെഡൽ എക്സികനട്ടീവ് ഡയറക്ടർ റവ.
വില്യം ജെ. ഒബ്രയിൻ, സി. എം.; അസോസിയേറ്റ് ഡയറക്ടർ റവ. ഫ്രാൻസിസ് സാക്സ് എന്നിവർ സഹകാർമികരായി.

ഇറ്റാലിയൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും രോഗികൾക്കും സൗഖ്യദായകമായിരുന്നു.

വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം 2012 സെപ്റ്റംബർ
എട്ടിനാണ് ഫിലഡൽഫിയ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷ്രൈനിൽ പ്രതിഷ്ഠിച്ചത്. സീറോ മലബാർ ഇടവകയും വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നുചേർന്ന് തുടർച്ചയായ എട്ടാംവർഷമാണ് ഇവിടെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി
മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള
ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധഭാഷകളിലുള്ള ജപമാലപ്രാർഥന, തിരുസ്വരൂപം
വണങ്ങി നേർച്ചസമർപ്പണം എന്നിവയായിരുന്നു തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.

സീറോ മലബാർ യൂത്ത് കൊയർ ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും
ആകർഷിച്ചു. ഫാ. രാജീവ് ദിവ്യബലിമധ്യേ തിരുനാൾ സന്ദേശം നൽകി. മിറാക്കുലസ്
മെഡൽ ഷ്രൈൻ അസോസിയേറ്റ് ഡയറക്ടർ റവ. ഫ്രാൻസിസ് സാക്സ് എല്ലാവരെയും സ്വാഗതം ചെയ്തു. സീറോ മലബാർ ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ,
കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ബിനു പോൾ, പോളച്ചൻ വറീദ്, ജോർജ് വി.
ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ കോഓർഡിനേറ്റർ ജോസ്
തോമസ് എന്നിവർ തിരുനാളിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ