കുമ്മനത്തിന് സ്വീകരണം നല്‍കി
Thursday, September 12, 2019 7:01 PM IST
ലോസ് ആഞ്ചലസ്: ഓര്‍ഗനൈസേഷന്‍സ് ഓഫ് ഹിന്ദു മലയാളി (ഓം) മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ആദരിച്ചു. ഓം അംഗങ്ങളുടെ കുടുംബ സംഗമത്തിനെത്തിയ കുമ്മനത്തെ പ്രസിഡന്‍റ് വിനോദ് ബാഹുലേയന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കുമ്മനത്തെ വേദിയിലേക്ക് ആനയിച്ചത്.

നഷ്ടപ്പെട്ടുപോയ കേരളത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും തിരിച്ചു പിടിക്കലാണ് യഥാര്‍ഥ നവോഥാനമെന്ന് പറഞ്ഞ കുമ്മനം, ഇതിനായി വിവിധതലത്തില്‍ സഹായം നല്‍കാന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കഴിയണമെന്നും പറഞ്ഞു.

ഡോ രാംദാസ് പിള്ള , രവി വള്ളത്തേരി എന്നിവര്‍ പൊന്നാട അണിയിച്ചു. പ്രഫ. ജയകൃഷ്ണന്‍, പി ശ്രീകുമാര്‍ സുരേഷ് ഒമാന്‍ , ഡോ. സിന്ധു പിള്ള എന്നിവര്‍ സംസാരിച്ചു. സദസിന്‍റെ ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടി പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക സംഘടനയായ 'കല' യുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കുമ്മനം നിര്‍വഹിച്ചു.