ഡാളസ് സൗഹൃദ വേദി ഓണം ആഘോഷിച്ചു
Saturday, September 14, 2019 3:38 PM IST
ഡാളസ്: മറുനാടൻ മലയാളികളുടെ ഏതൊരാഘോഷങ്ങൾക്കും മലയാളകരയിലെ ആഘോഷങ്ങളേക്കാൾ തനിമയും തിളക്കവുമേറും എന്നത് തികച്ചും സത്യസന്ധമായ ഒരു വിലയിരുത്തലാണ്. ഈ വാമൊഴിക്കു കൂടുതൽ മിഴിവേകുന്ന ഒരു ഓണാഘോഷത്തിനു കൂടി
ഡാളസിലെ മലയാളികൾ സാക്ഷ്യം വഹിച്ചു. സെപ്റ്റംബർ ഏഴിന് രാവിലെ 10ന് ഡാളസിലെ
സെന്‍റ് ഇഗ്നേഷസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സാംസ്‌കാരിക പൈതൃകത്തിന്‍റേയും പഴമയുടെ
പാരമ്പര്യത്തിന്‍റേയും ഓർമക്കൂട്ടിൽ ഒരായിരം തിരിവിളക്കുകൾ നിറഞ്ഞു കത്തി.

അത്തപ്പൂക്കളത്തോടെ പരിപാടികൾക്കു തുടക്കമായി. ഡോ. ദർശന എസ്. മനയത്തു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡാളസ് സൗഹൃദ വേദി പ്രസിഡന്‍റ് അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മലയാളം അധ്യാപികയായ പ്രഫ. ഡോ. ദർശന എസ്. മനയത്തു മുഖ്യാഥിതിയായിരുന്നു. റിട്ട. പ്രഫ. സോമൻ ജോർജ് , കൗണ്ടി കോളജ് അധ്യാപകനായ ഫിലിപ്പ് തോമസ് , പ്രസ് ക്ലബ് പ്രതിനിധിയായി സണ്ണി മാളിയേക്കൽ,സാഹിത്യകാരി അനൂപ സാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കലാപരിപാടികൾക്കു മുന്നോടിയായി, വേദിയിലേക്ക് എഴുന്നള്ളിയ മഹാബലിക്കു സ്വീകരണം നൽകി. തുടർന്നു അരങ്ങേറിയ കലാ-സംഗീത പരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ട നിലവാരം പുലർത്തി. അവതാരകരായി എത്തിയ സഹോദരികളായ ബ്രിന്ദായും ബിൻസിയും തങ്ങളുടെ കർത്തവ്യം തൃപ്തികരമായി നിർവഹിച്ചു. കലാപരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.