കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സംഘടിപ്പിച്ചു
Saturday, September 21, 2019 4:06 PM IST
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ്റംബർ 14 ന് കോപ്പേൽ സെന്‍റ് അൽഫോൻസാ ചർച്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെഎഡി എഡ്യൂക്കേഷൻ ഡയറക്ടർ സിമി ജെജു, സോഷ്യൽ സർവീസ് ഡയറക്ടർ ദീപ സണ്ണി, യൂത്ത് ഡയറക്ടർ ഗ്ലെണ്ട ജോർജ് എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സാനിയ സജീവ് അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. കെഎഡിലെ മലയാളം ക്ലാസിലെ കുട്ടികൾ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. മുഖ്യാതിഥിയായ മന്മഥൻ നായർ തിരുവോണ സന്ദേശം നൽകി. ചെറിയാൻ ശൂരനാട്, (President, ICEC) ജോർജ് ജോസഫ് (secretary, ICEC), റോയ് കൊടുവത്തു (President, KAD) എന്നിവരുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ അവാർഡ് ദാനവും നടത്തി.

കോശി വൈദ്യർ ആൻഡ് സംഘം ചേർന്നൊരുക്കിയ ലൈവ് മ്യൂസിക് ഇൻസ്ട്രുമെന്‍റ് പ്രോഗ്രാമും കെഎഡിലെ കലാകാരന്മാർ ചേർന്നൊരുക്കിയ ഓട്ടം തുള്ളലും സിനിമാറ്റിക് ഡാൻസും തിരുവാതിര കളിയും പരിപാടിയുടെ മാറ്റു കൂട്ടി.

താലപ്പൊലിയും ചെണ്ട മേളവും പുലികളിയും കാവടിയാട്ടവുമായി മഹാബലിയുടെ എഴുന്നളളത്തും ആയിരങ്ങൾക്ക് ആവേശം പകർന്നു.സണ്ണി കളത്തി വീട്ടിൽ മഹാബലിയായി വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി. ദീപ സണ്ണിയും ഗ്ലെണ്ട ജോർജും പരിപാടിയുടെ അവതാരകരായിരുന്നു.

റിപ്പോർട്ട്: അനശ്വരം മാന്പിള്ളി