യുഎസിൽ "സെപ്റ്റംബർ 22' വോട്ടർ റജിസ്ട്രേഷൻ സൺഡെയായി ആചരിക്കും
Saturday, September 21, 2019 4:38 PM IST
വാഷിംഗ്ടൺ: അമേരിക്കയിലുടനീളമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിൽ സെപ്റ്റംബർ 22ന് (ഞായർ) വോട്ടർ റജിസ്ട്രേഷൻ സൺഡെയായി ആചരിക്കുമെന്ന് മൈ ഫെയ്ത്ത് വോയ്സ് സിഇഒ ജേസൽ യേറ്റ്സ് അറിയിച്ചു.

അമേരിക്കയിൽ ആദ്യമായാണ് ഇത്തരമൊരു ഇവന്‍റ് സംഘടിപ്പിക്കുന്നതെന്നും വോട്ടു ചെയ്യുന്നതിൽ അർഹതയുള്ള 90 മില്യൺ ക്രൈസ്തവർ ഇവിടെ ഉണ്ടായിട്ടും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാല്പതു മില്യൺ പേർ സമ്മതിദാനാവകാശം ഉപയോഗിച്ചിട്ടില്ലെന്നും ജേസൺ പറഞ്ഞു. പതിനഞ്ചു മില്യൺ ക്രൈസ്തവർ വോട്ടർ രജിസ്ട്രേഷൻ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവാലയങ്ങൾ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കണമെന്നാണ് ചിലർ ചിന്തിക്കുന്നതെന്നും എന്നാൽ ക്രൈസ്തവർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകേണ്ടത് ക്രൈസ്തവ ധർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് യോഗ്യരായ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നമുക്ക് കണ്ടെത്താനാകൂ. അവരെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഞായറാഴ്ച ദേശവ്യാപകമായി ദേവാലയങ്ങളിൽ നടക്കുന്ന വോട്ട് റജിസ്ട്രേഷൻ പരിപാടിയിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ