മലയാളിക്ക് ന്യൂയോര്‍ക്കില്‍ ഉന്നത പദവി
Sunday, September 22, 2019 3:41 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സിന്റെ കീഴിലുള്ള അഞ്ച് ബോറോകളുടെയും ബിസിനസ് സെന്ററുകളുടെ സീനിയര്‍ ഡയറക്ടറായി മലയാളിയായ മാത്യു ജോഷ്വ നിയമതനായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ ഉന്നത പദവിയിലെത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ച് ബോറോകളായ ബ്രോണ്‍സ്, ബ്രൂക്ക്‌ലിന്‍, മന്‍ഹാറ്റന്‍, ക്യൂന്‍സ്, സ്റ്റാറ്റന്‍ ഐലന്റ് എന്നിവയിലെ പാര്‍ക്കിംഗ് വയലേഷന്‍ ടിക്കറ്റ്, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവയുടെ പ്രോസസിംഗ് നടപടികള്‍ ഈ ബിസിനസ് സെന്ററുകളിലൂടെയാണ് നടക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്രൂക്ക്‌ലിന്‍ ബിസിനസ് സെന്ററിന്റെ മാനേജരായി മാത്യൂ ജോഷ്വ സേവനം അനുഷ്ഠിക്കുകയായിരുന്നു. അഞ്ച് ബിസിനസ് സെന്ററുകളിലെ ട്രഷറി ആന്‍ഡ് പേയ്‌മെന്റ് സര്‍വ്വീസ് പേയ്‌മെന്റ് ഓപ്പറേഷന്‍സ് ഡിവിഷന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെയും കസ്റ്റമര്‍ സര്‍വ്വീസ് കേന്ദ്രങ്ങളുടെയും മേല്‍നോട്ടച്ചുമതലയാണ് ജോഷ്വയില്‍ നിക്ഷിപ്തമായിരിക്കുന്നത്. 1996 മുതല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ടമെന്റില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തു വരുന്ന മാത്യു, മൂന്ന് ബോറോകളിലെ ബിസിനസ് സെന്ററുകളില്‍ ഇതിനകം ജോലി ചെയ്തിട്ടുണ്ട്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ പാര്‍ക്കിംഗ് വയലേഷന്‍ ബ്യൂറോയില്‍ ചെയ്ത സേവനവും ഈ സ്ഥാനക്കയറ്റത്തത്തിന് പ്രയോജനകരമായി. ട്രഷറി ആന്‍ഡ് പേയ്‌മെന്റ് സര്‍വ്വീസസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജെഫ്രി ഷീര്‍ സ്ഥാനക്കയറ്റ ഉത്തരവിറക്കി മാത്യുവിനെ അഭിനന്ദനവും അറിയിച്ചു. യോര്‍ക്ക് കോളേജില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ സയന്‍സ് ബിരുദം കരസ്ഥമാക്കിയ മാത്യു പത്തനംതിട്ട സ്വദേശിയാണ്.

2017 മുതല്‍ സി.എസ്.ഐ സഭ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായ മാത്യു ജോഷ്വ, ന്യൂയോര്‍ക്കിലെ വിവിധ സാമുദായികസാമൂഹികസാംസ്‌കാരിക സംഘടനകളില്‍ അംഗവും സീഫോര്‍ഡ് സി.എസ്.ഐ സഭാംഗവുമാണ്. പുതു തലമുറ യുവാക്കള്‍ക്ക് പ്രാധിനിത്യം നല്‍കി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ (NYMA) സെക്രട്ടറിയും സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. ഭാര്യ പ്രീതി ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍ ജെയ്മി, ജെയ്‌സി, ജെയ്ഡന്‍.

റിപ്പോര്‍ട്ട്: മാത്യുക്കുട്ടി ഈശോ