പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം അനിവാര്യമാണ്: ഫോമ
Sunday, September 22, 2019 3:41 PM IST
ഡാളസ്: കേരളത്തിലെ പദ്ധതികളില്‍ നിക്ഷേപിക്കുന്ന പ്രവാസി സംരംഭകര്‍ക്കും, അവരുടെ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികളോടുള്ള സര്‍ക്കാരിന്റെ സമീപനവും, ഉത്തരവാദിത്വവും വളരെഏറെ ഗൗരവത്തോടെ കാണണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 'പ്രവാസി സംരംഭകര്‍ക്കും, നിക്ഷേപകര്‍ക്കും വേണ്ടിയുള്ള ഏകജാല പദ്ധതി', ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിയുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. ഇതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലത്തുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അവലോകന യോഗത്തില്‍ പ്രസ്താവിച്ചു.

കേരളത്തില്‍ വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തുവാന്‍, ലോകത്തെമ്പാടുമുള്ള പ്രവാസികള്‍ ഒരുക്കമാണ്. കേരളത്തിന്റെ വികസന പ്രക്രീയകള്‍ പ്രവാസി നിക്ഷേപത്തിലധിഷ്ഠിതമാണ്. ആ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വവും, ഉറപ്പും നല്‌കേണ്ടത് അതതു സര്‍ക്കാരുകളുടെ കടമയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയിലൂടെപ്രശ്‌നങ്ങളിലേക്ക്, പ്രവാസികള്‍ ഒരു ആയുഷ്‌കാലം കൊണ്ട് പടുത്തുയുര്‍ത്തിയതെല്ലാം കുരുക്കഴിയ്ക്കാനാവാത്ത വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാന്‍ കഴിയില്ലന്നു ഫോമാ സെക്രെട്ടറി ജോസ് ഏബ്രഹാം പത്രക്കുറുപ്പില്‍ വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് തലത്തില്‍ നിന്നും തുടങ്ങുന്ന പദ്ധതിയുടെ നൂലാമാലകള്‍, പ്രാദേശിക തലത്തിലെത്തുമ്പോഴേക്കും കൊടുമുടി കയറിക്കഴിഞ്ഞിരിക്കും. അതോടെ പദ്ധതിയില്‍ നിന്നും പാവം പ്രവാസി പിന്മാറുവാന്‍ നിര്‍ബന്ധിതനാവും. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. കടയ്ക്കല്‍ കത്തിവെയ്ക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ ധാര്‍ഷ്ട്യവും, കാര്യകാര്യങ്ങളുടെ ഗൗരവം പഠിക്കാതെയുമുള്ള കോടതികളുടെ ഇടപെടലുകളും പ്രവാസികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. കേരളത്തിലെ പദ്ധതികളില്‍ നിക്ഷേപമിറക്കുവാന്‍ ഓരോ പ്രവാസിയും മടിച്ചു നില്‍ക്കുന്നുണ്ട്. വികസനത്തിലേക്കുള്ള ചുവടുവെപ്പുകളില്‍ നിന്നുള്ള പുറകോട്ടുപോകലും, വഴിതിരച്ചുവിടലും, രാജ്യത്തിന്റെ അടിസ്ഥാന വികസനത്തെ അപകടപ്പെടുത്തുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കുവാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത് എന്ന് പ്രവാസികള്‍ക്ക് വേണ്ടി ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്