സുസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട് വാർഷികം
Wednesday, October 9, 2019 7:59 PM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്തു കേരളത്തിലെ നിർധനരായ കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന 'സുസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്’‌ സേവനത്തിന്‍റെ മുപ്പത്തിനാലാം വാർഷികം സമുചിതമായി ആഘോഷിച്ചു.

ഒക്ടോബർ 5 ന് (ശനി) ‌ വൈകുന്നേരം 6 ന് ലോസ് ആഞ്ചലസിലെ ഷെറാട്ടൺ സെറിറ്റോസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ട്രസ്റ്റിന്‍റെ സ്ഥാപകനും ചെയർമാനുമായ മാത്യു ഡാനിയേൽ അതിഥികളെ സ്വാഗതം ചെയ്തു. ഏറെക്കാലമായി ട്രസ്റ്റിന്‍റെ സുഹൃത്തും സഹകാരിയുമായിരുന്ന വി. ശ്രീകുമാറിന്‍റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു തുടങ്ങിയ പ്രസംഗത്തിൽ നാളിതുവരെയായി ട്രസ്റ്റിനെ സഹായിച്ച എല്ലാവരേയും അദ്ദേഹം നന്ദിപൂർവം സ്മരിച്ചു.

1985 ൽ രണ്ടു രോഗികൾക്ക് സഹായമെത്തിച്ചുകൊണ്ടു തുടങ്ങിയ പ്രവർത്തനം ഇന്നു പ്രതിവർഷം ഇരുന്നൂറോളം രോഗികളിലേക്കാണ് എത്തുന്നത്. നാളിതുവരെയായി ഒരു മില്ല്യൻ ഡോളറിന്‍റെ സഹായം അർഹതപെട്ട നാലായിരം രോഗികളുടെ കൈകളിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹംഅനുസ്മരിച്ചു.

തുടർന്നു നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ, കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമായി ട്രൂസ്റ്റുനടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം പ്രസിഡന്‍റ് എബ്രഹാം മാത്യു അവതരിപ്പിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ, കോഴിക്കോട് മെഡിക്കൽ കോളജ്, കോട്ടയം കാരിത്താസ്‌, തൃശൂർ അമല മെഡിക്കൽ സെന്‍റർ എന്നീ ആശുപത്രികൾക്കുപുറമെ ലോസ് ആഞ്ചലസ് ഹാർബർ യുസിഎൽഎ ആശുപത്രിയിലെ കുട്ടികളുടെ കാൻസർ വാർഡിലെ രോഗികൾക്കും ട്രസ്റ്റ് സഹായമെത്തിച്ചു. ഇതിനുപുറമെ അമലയിലും കരിത്താസിലും ഏതാനും കിടക്കകളും ട്രസ്റ്റ് സ്പോൻസർ ചെയ്യുന്നുണ്ട്. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട മഹാമാരിയുടെ ദുരന്തമനുഭവിക്കുന്ന പ്രദേശങ്ങളിലെ രോഗികൾക്കുള്ള പ്രത്യേക സഹായമെന്നനിലക്കു ട്രസ്റ്റിന്റെ സഞ്ചിതനിധിയിൽനിന്നു അൻപതിനായിരം ഡോളറിന്റെ അധിക സഹായവും പോയവർഷം വിതരണം ചെയ്യാനായെന്നു അദ്ദേഹം അറിയിച്ചു.

ധന ശേഖരണവും വാർഷികവും വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും സെക്രട്ടറി ജയ് ജോൺസൻ നന്ദി പറഞ്ഞു. മാത്യു ഡാനിയേൽ ചെയർമാനും എബ്രഹാം മാത്യു പ്രസിഡന്‍റുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിനു 15 അംഗങ്ങളടങ്ങിയ ഭരണ സമിതിയുമുണ്ട്. സമൂഹത്തിന്‍റെ നാനാ തുറകളിൽനിന്നായി നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു.

റിപ്പോർട്ട്: സാൻഡി പ്രസാദ്