പി.സി. മാത്യുവിന്‍റെ "മനത്തുള്ളികൾ' പ്രകാശനം ചെയ്‌തു
Wednesday, October 9, 2019 8:09 PM IST
ഡാളസ്: അമേരിക്കൻ മലയാളിയും സാമൂഹിക പ്രവർത്തകനുമായ പി. സി. മാത്യുവിന്‍റെ 24 കവിതകൾ അടങ്ങുന്ന കവിത സമാഹാരം പ്രശസ്ത കവിയും വിക്ടേഴ്‌സ് ചാനൽ ഡയറക്ടറുമായ മുരുഗൻ കാട്ടാക്കട തിരുവനന്തപുരത്തു പ്രകാശനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ ചെയറും കവയത്രിയുമായ ത്രേസ്യാമ്മ നാടാവള്ളിക്കു ആദ്യ പ്രതി നൽകി മുരുഗൻ പുസ്തക പ്രകാശനം നടത്തിയത്.

മഴത്തുള്ളികൾ പോലെ മനം പെയ്തിറങ്ങിയ കവിതകളാണ് മനത്തുള്ളികൾ എന്ന് മുരുഗൻ കാട്ടാക്കട പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. "ഇതിൽ മാതൃ സ്നേഹമുണ്ട്, പാതിരാവിലും വീടണയാത്ത മക്കളെ കാത്തിരിക്കുന്ന അച്ഛന്‍റെ വ്യാകുലതയുണ്ട്, വാത്സല്യ തുടിപ്പുകൾ ഉണ്ട്, അഭിനന്ദൻ വർധമാനെന്‍റെ രാജ്യ സ്നേഹത്തിന്‍റെ ശ്രേഷ്ഠ മാതൃകയുണ്ട്‌, സ്നേഹസഹനങ്ങളുടെ സ്ഫുലിംഗമായി യേശുദേവന്‍റെ ചിന്തയുണ്ട്, ജീവിതവും പ്രഭാതത്തിന്റെ പ്രത്യാശയുണ്ട്, ഗരിമയുണ്ട്, പ്രകൃതിയുണ്ട്, വിരഹത്തിന്റെയും ഗൃഹാതുരത്വത്തിന്‍റെയും വേദനയുണ്ട് - മുരുഗൻ കാട്ടാക്കട പറഞ്ഞു.

നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ പ്രഫ കെ.പി. മാത്യു, ത്രേസ്യാമ്മ നാടാവള്ളി, വിക്ടേഴ്‌സ് ചാനൽ ഫിലിം ഡയറക്ടർ ബി.എസ്. രതീഷ് എന്നിവർ പ്രസംഗിച്ചു. അമേരിക്കൻ പ്രവാസ ജീവിതത്തിലും സാഹിത്യ രംഗത്ത് പ്രവർത്തിക്കുവാൻ കഴിയുന്ന വ്യക്തിത്വത്തിന്‍റെ ഉടമയാണ് പി.സി. എന്ന് ത്രേസ്യാമ്മ പറഞ്ഞു. ഡാളസിലും ന്യൂ ജേഴ്‌സിയിലും വേൾഡ് മലയാളി കൗൺസിലിനുവേണ്ടി താൻ നടത്തിയ സാഹിത്യ സമ്മേളങ്ങൾക്കു ഊർജം പകർന്നത് പി. സി. ആണെന്ന് ത്രേസ്യാമ്മ പറഞ്ഞു.

തുരുത്തിക്കാട് ബിഎഎം കോളജിൽ കൗണ്സിലറായും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായും ബഹറിനിൽ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമായും പ്രവർത്തിച്ചു ഡാളസിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന പി. സി. മാത്യു വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.