ഡാളസ് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷികാഘോഷം
Thursday, October 10, 2019 7:48 PM IST
ഡാളസ്: ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ 41–ാമത് ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബർ 7 ന് (ശനി) നടക്കുമെന്ന് കെഇസിഎഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.

ഡാളസ് - ഫോർട്ട്‌വർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങൾ സംയുക്തമായി എല്ലാവർഷവും ആഘോഷിക്കുന്ന ക്രിസ്മസ് –ന്യൂഇയർ ആഘോഷങ്ങൾക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് ഡാളസ് സെഹിയോൻ മാർത്തോമ ചർച്ചാണ്.ആഘോഷങ്ങൾക്ക് വേദിയൊരുക്കിയിരിക്കുന്നത് ഫാർമേഴ്സ്ബ്രാഞ്ച് മർത്തോമ ചർച്ച് മർത്തോമ ഇവന്റ് സെന്‍ററിലാണ്.

നോർത്ത് അമേരിക്ക– യൂറോപ്പ് മർത്തോമ ഭദ്രാസനാധിപൻ റവ. ഡോ. ഐസക്ക് മാർ ഫിലൊക്സിനോസ് എപ്പിസ്കോപ്പായാണ് ഈ വർഷത്തെ മുഖ്യാതിഥി.റവ. മാത്യു മാത്യൂസ് (പ്രസിഡന്‍റ്), ഫാ. മത്തായി മണ്ണൂർ വടക്കേതിൽ (വൈസ് പ്രസിഡന്‍റ്), ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ റജി വർഗീസ്, ക്വയർ കോഓർഡിനേറ്റർ തോമസ് ജോൺ (കുഞ്ഞ്), യൂത്ത് കോഓർഡിനേറ്റർ ക്രിസ്റ്റിന നൈനാൻ, ക്ലർജി സെക്രട്ടറി ഫാ. ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റിയാണ് പരിപാടികളുടെ നടത്തിപ്പിനായി പ്രവർത്തിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടെയും സഹകരണവും സഹായവും സംഘാടകർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ