ഷിക്കാഗോയിൽ അധ്യാപക സമരം തുടരുന്നു; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
Monday, October 21, 2019 9:03 PM IST
ഷിക്കാഗോ: ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപകരും അനധ്യാപകരും നടത്തുന്ന സമരം നാലാം ദിവസത്തേക്ക് കടക്കുന്ന ഒക്ടോബർ 21 ന് (തിങ്കൾ) വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതായി വിദ്യാഭ്യാസ ജില്ലാ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ച രാത്രി വളരെ വൈകി അവസാനിച്ച ചർച്ചകളിൽ പല വിഷയങ്ങളിലും തീരുമാനം ഉണ്ടായെങ്കിലും സമരം പിൻവലിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടില്ലെന്ന് ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ വക്താവ് സ്റ്റേയ്സി ഡേവിഡ് ഗേയ്റ്റ്സ് പറഞ്ഞു.

2,600 അധ്യാപകരും 8,000 സപ്പോർട്ട് സ്റ്റാഫുമാണ് സമര രംഗത്തുള്ളത്. ക്ലാസിലെ വിദ്യാർഥി അനുപാതം കുറയ്ക്കുക, ആവശ്യമായ അധ്യാപകരെ നിയമിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, ശമ്പള വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകർ സമരം തുടങ്ങിയത്. 2012 നു ശേഷം നടക്കുന്ന ഏറ്റവും വലിയ അധ്യാപക സമരമാണിത്. തിങ്കളാഴ്ചയോടെ സമരം അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ടു പറഞ്ഞു.

അതിനിടെ ഞായറാഴ്ച ഹൈസ്കൂൾ അത്‌ലറ്റുകൾ വിറ്റ്നിയംഗ് ഹൈസ്കൂൾ സ്പോർട്ട് കോംപ്ലെക്സിൽ യോഗം ചേർന്ന് തങ്ങളുടെ ഉത്കണ്ഠ അറിയിച്ചു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും ഇവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ