ഡാളസിൽ പരക്കെ നാശം വിതച്ച് ചുഴലിക്കാറ്റ്; ആളാപയമില്ല
Tuesday, October 22, 2019 9:29 PM IST
ഡാളസ്: ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിൽ വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂര തകരുകയും വൃക്ഷങ്ങൾ പലയിടങ്ങളിലും മറിഞ്ഞുവീണു ഗതാഗതവും വൈദ്യുതിയും താറുമാറായി.

തലേദിവസം തന്നെ ടൊർണാഡൊ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഒക്ടോബർ 20ന് രാത്രിയോടെ ടൊർണാഡൊ സൈറൺ മുഴങ്ങി. ഇതിനു മുമ്പു തന്നെ കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചിരുന്നു. 140 മൈൽ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയതെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. നോർത്ത് ടെക്സസിൽ മാത്രം മൂന്നു ടൊർണാഡൊകളാണ് നിലം തൊട്ടതെന്നും അറിയിപ്പിൽ പറയുന്നു. ആളപായം ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയോടെ നഷ്ടപ്പെട്ട വൈദ്യുതി തിങ്കളാഴ്ചയും പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം താറുമാറായതിനെ തുടർന്നു പല ആശുപത്രികളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സിഗ്നൽ ലൈറ്റുകൾ തകരാറിലായതിനെ തുടർന്ന് വാഹന ഗതാഗതത്തിനും വളരെയധികം താമസം നേരിടുന്നുണ്ട്. വോളന്‍റിയർമാരും അഗ്നിശമന സേനയും പോലീസും വൈദ്യുതി വകുപ്പും രാത്രിയിൽ തന്നെ പ്രവർത്തനം ആരംഭിച്ചുവെങ്കിലും റോഡുകളും വൈദ്യുതിയും പൂർസ്ഥിതിയിൽ എത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രിയും ടൊർണാഡൊ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ