മലങ്കര ആർച്ച് ഡയോസിസ് വൈദിക ധ്യാനം 24, 25, 26 തീയതികളിൽ
Wednesday, October 23, 2019 6:53 PM IST
ഫീനിക്സ്: മലങ്കര യക്കോബായ സുറിയാനി സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനത്തിലെ വൈദികരുടെ ധ്യാനയോഗം ഒക്ടോബർ 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിവിധ പരിപാടികളോടെ നടക്കും.

ഇടവക മെത്രാപ്പോലീത്ത യൽദോ മാർ തീത്തോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റവ. ഡോ. ജോർജ് ഉമ്മൻ മുഖ്യ സന്ദേശം നൽകും. Co-builders with Christ - Pastoral care in a changing world എന്നുള്ളതാണ് ഇത്തവണത്തെ ചിന്താവിഷയം.

24ന് വൈകുന്നേരം സന്ധ്യ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം മൂന്നു ദിവസം നീണ്ടുനിൽക്കും. ഫാ. അനു വർഗീസ് ഫ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസിന് നേതൃത്വം നൽകും. ഭദ്രീസന സെക്രട്ടറി ഫാ. മത്തായി പുതുക്കുന്നത്തിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. ഫാ. ജയിംസ് ഏബ്രഹാം ധ്യാന പ്രസംഗം നടത്തും. തുടർന്നു വിശുദ്ധ കുന്പസാരം നടക്കും. ഫാ. യൽദോ പൈലി, ഫാ. സജി മർക്കോസ് എന്നിവരുടെ നേതൃത്വത്തിൽ എക്കാറാ ഗാന പരിശീലനം നടക്കും.

26ന് രാവിലെ 8 ന് ഇടവക മെത്രാപോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയോടെ പരിപാടികൾ സമാപിക്കും.

വികാരി ഫാ. സജി മർക്കോസ്, വൈസ് പ്രസിഡന്‍റ് ഷെറി പോൾ, ട്രസ്റ്റി ഫ്രാങ്ക്ളിൻ പത്രോസ്, സെക്രട്ടറി കുര്യൻ ഏബ്രഹാം, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.സാജു സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.