കൻസാസ് യൂണിവേഴ്സിറ്റിയിൽ റവ. ഡോ. പോൾ പൂവത്തിങ്കലിന്‍റെ സംഗീത കച്ചേരി
Wednesday, October 23, 2019 7:46 PM IST
കാൻസാസ് : സഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്‍റേ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് യൂണിവേഴ്സിറ്റി ഓഫ് കാൻസാസ് എഡ്വേർഡ്സ് കാമ്പസിൽ പാടും പാതിരി റവ.ഡോ.പോൾ പൂവത്തിങ്കൽ നയിച്ച സംഗീത വിരുന്ന് ശ്രവണമധുരമായ അനുഭൂതിയായിരുന്നു.

ഫൗണ്ടേഷന്‍റെ കോ-ഡയറക്റ്റർ ഷൈജു ലോനപ്പൻ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ യുഎസിന്റെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചു.തുടർന്നു ഷൈജു ലോനപ്പൻ റവ.ഡോ.പോൾ പൂവത്തിങ്കലിനെ വേദിയിലേക്ക് ക്ഷണിച്ചു.

സംഗീതരാവിന്‍റെ ആദ്യ 30 മിനിറ്റ് അച്ചൻ നയിച്ച മ്യൂസിക് മെഡിറ്റേഷൻ സംഗീതപ്രേമികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. തുടർന്ന് കീബോർഡിസ്റ്റ് ജോൺസൺ സെബാസ്റ്റ്യനോടൊപ്പം അച്ചൻ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഗാനങ്ങൾ ആലപിച്ചു. കർണാടക സംഗീതത്തിൽ ഡോക്റ്ററേറ്റ് നേടിയ അച്ചൻ സംഗീത ചരിത്രത്തെക്കുറിച്ചും സംഗീത പഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്നു മലയാളം , ഹിന്ദി, തമിഴ് ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റായ പോൾ പൂവത്തിങ്കൽ വോക്കോളജിയെക്കുറിച്ചും സംസാരിച്ചു.

കാൻസാസിലെ യുവഗായകരായ അജു ജോൺ, സന്ധ്യ ആദർശ്, നവിൻ ഇരിമ്പൻ, എമ്മാനുവേൽ മാത്യു എന്നിവരും ഗാനങ്ങൾ ആലപിച്ചു.കർണാടിക് മ്യൂസിക് അസോസിയേഷൻ ഓഫ് കാൻസാസ് സിറ്റിയെ പ്രതിനിധീകരിച്ച് ലേഖാ മേനോൻ മൊമെന്‍റോ നൽകി അച്ചനെ ആദരിച്ചു. സഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ കമ്മിറ്റി അംഗം റെമിൽ രാജു നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ