കെന്‍റുക്കി ഗവർണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾക്ക് അട്ടിമറി വിജയം
Wednesday, November 6, 2019 4:05 PM IST
കെന്‍റുക്കി: കെന്‍റുക്കി ഗവർണർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയം നേടി.

ആന്‍റി ബഷീയർ (ANDY BASHEAR) ആണ് ഇവിടെ വിജയിച്ചത്. കൺസർവേറ്റീവ് സ്റ്റേറ്റായി അറിയപ്പെടുന്ന കെന്‍റുക്കിയിലെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. യുഎസ് സെനറ്റ് സീറ്റും അഞ്ചു യുഎസ് ഹൗസ് സീറ്റിലും റിപ്പബ്ലിക്കൻ സ്ഥാനാർഥികളാണ് വിജയിച്ചിരുന്നത്.

പ്രസിഡന്‍റ് ട്രംപിന്‍റെ ഏറ്റവും അടുത്ത ഗവർണറായിരുന്ന അറിയപ്പെടുന്ന ആളായിരുന്നു പരാജയപ്പെട്ട മാറ്റ് ബെവിൻ. നവംബർ 4 ന് ട്രംപ് ഇവിടെ വൻ റാലി സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച ഗവർണർ പദവിയാണ് ഡെമോക്രാറ്റുകൾ തട്ടിയെടുത്തത്.

റിപ്പബ്ലിക്കൻ പാർട്ടി ഗവർണർ ബെവിൻ വോട്ടർമാരുടെ അപ്രീതി നേടിയിരുന്നു. 400,000 പേർക്ക് മെഡിക്കെയ്സ് നിഷേധിക്കുമെന്ന് ബെവിൻ ഭീഷിണി മുഴക്കിയത് പരാജയത്തിനു കാരണമായതായി വിലയിരുത്തപ്പെടുന്നു. ബെവിന്‍റെ പരാജയം ട്രംപിനേറ്റ കനത്ത പ്രഹരമാണ്. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്ന സംസ്ഥാനമാണ് കെന്‍റുക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ