പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
Thursday, November 7, 2019 7:33 PM IST
ന്യൂയോർക്ക്: വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും എട്ടാം ഇടവക ദിനവും നവംബർ 2, 3 തീയതികളിൽ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക പള്ളിയിൽ ആഘോഷിച്ചു.

നവംബർ 2 ന് പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. തുടർന്നു സന്ധ്യാപ്രാർഥന, സന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് പി. തോമസ് നേതൃത്വം നൽകി. പെരുന്നാൾ ദിനമായ 3 ന് ഫാ. തോമസ് പി. തോമസ് വിശുദ്ധ കുർബാന അർപ്പിച്ചു. വികാരി ഡിജു സഖറിയ സഹകാർമികനായിരുന്നു. തുടർന്നു വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മസൂചകമായി പള്ളിക്കു പ്രദക്ഷിണമായി പെരുന്നാൾ ഘോഷയാത്രയും സ്നേഹവിരുന്നും നടന്നു.

ഫാ. തോമസ് പി. തോമസും ഭാര്യ ലിജിനും സൺ‌ഡേ സ്കൂൾ വിദ്യാർഥികൾക്ക് പെരുന്നാൾദിന സന്ദേശം നൽകി. ഇടവക അംഗങ്ങളുടെ പെരുന്നാൾദിന നേർച്ചകൾ കോട്ടയം ഗാന്ധിനഗർ ആസ്ഥാനമായ കരുണാനിലയത്തിനു സംഭാവനയായി നൽകുന്നതാണ്. കരുണാനിലയം 1993 മുതൽ ദരിദ്രരുടെയും, രോഗികളുടെയും, ഭവനരഹിതരുടെയും സേവനത്തിനായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് ശേഷം വിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതയ്ക്കു വേണ്ടിയുള്ള ഒരു പ്രാർഥനയോടെ പെരുന്നാൾ കൊടിയിറങ്ങി.

റിപ്പോർട്ട്: പി.പി. ചെറിയാൻ