അമേരിക്കന്‍ ഇമിഗ്രേഷന്‍: ഫോമയുടെ ആദ്യത്തെ ദേശീയ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍
Sunday, November 10, 2019 12:41 PM IST
ഷിക്കാഗോ: അമേരിക്കന്‍ ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഫോമാ ദേശീയതലത്തില്‍ കണ്‍വന്‍ഷനുകള്‍ സംഘടപ്പിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ ഈ മാസം പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ 'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍ വച്ചു നടത്തപ്പെടും. സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന, പ്രൊഫഷണലിസ്റ്റുകള്‍ ഏറെയുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ഇതുവരെ നേരിടാത്ത രീതിയിലുള്ള ഇമിഗ്രേഷന്‍ ബുദ്ധിമുട്ടുകളില്‍ കൂടിയാണ് കടന്നുപോകുന്നത്. ഈ രീതിയില്‍ പ്രയാസമനുഭവിക്കുന്നവരുടെ കാര്യങ്ങള്‍ നേരിട്ട് ഭരണസിരാകേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനാണ് ഫോമായുടെ ഈ ശ്രമം. പലതരം വിസാ കാറ്റഗറിയില്‍, അമേരിക്കയില്‍ അതിജീവനത്തിനായി മല്ലിടുന്നവരുടെ പ്രശനങ്ങള്‍ക്കായി ഒരു വാതില്‍ ഫോമാ തുറന്നിടുകയാണ്. വിസ, ഇമിഗ്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെപ്രശ്‌നങ്ങള്‍ സെനറ്ററന്മാരോടും, കോണ്‍ഗ്രസ് പ്രതിനിധികളോടും, രാഷ്ട്രീയ നിരീക്ഷകരോടും നേരിട്ട് അറിയിക്കുവാനും, സംവദിക്കുവാനും ഫോമായുടെ ഈ വേദി വളരെ സഹായകമാകും. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഫോമായുടെ അടുത്ത ലൈഫ് കണ്‍വന്‍ഷന്‍ സിലിക്കണ്‍ വാലിയില്‍ നടത്തുവാനും ധാരണയായിട്ടുണ്ട്.

ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ പ്രത്യേക താല്പര്യപ്രകാരം ഇതിനായി ഒരു ഇമിഗ്രേഷന്‍ സെല്‍ രൂപീകരിക്കുകയുണ്ടായി. ഫോമാ ലീഗല്‍ ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) കമ്മറ്റിയുടെ ചെയര്‍മാനായി സാം ആന്റോയെയും, സെക്രട്ടറിയായി ഗിരീഷ് ശശാങ്ക ശേഖറിനെയും, ജോയിന്റ് സെക്രട്ടറിയായി സുധീപ് നായരെയും, ഫോമാ ലൈഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാനെയും തിരഞ്ഞെടുത്തിരുന്നു. ഈ ഷിക്കാഗോ ലൈഫ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സുഭാഷ് ജോര്‍ജ്, കോചെയര്‍ ഷഫീക് അബൂബക്കര്‍, വുമണ്‍ ചെയര്‍ സ്മിതാ തോമസ്, ഇല്ലിനോയി ഇമിഗ്രേഷന്‍ ഫോറം ഡയറക്ടര്‍ വെങ്കട് റാം റെഡ്ഡി, ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് സെക്രട്ടറി ജോണ്‍ കൂള എന്നിവരടുങ്ങന്ന 'ലൈഫ്' കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ഇന്ത്യന്‍ അമേരിക്കക്കാരുടെ ഇടയില്‍ നോണ്‍ ഇമിഗ്രന്റ് വിസ ഉള്ളവര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധികളാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിസയുടെ അപേക്ഷകള്‍ തിരസ്‌കരിക്കുക, എക്സ്റ്റന്‍ഷന്‍ പരിഗണിക്കാതിരിക്കുക, സ്‌പോണ്‍സറന്മാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുക, ഗ്രീന്‍കാര്‍ഡ് അപേക്ഷകളുടെ അന്തിമ തീരുമാനങ്ങള്‍ അകാലമായി നീട്ടിവെയ്ക്കുക ഇങ്ങനെയുള്ള ഒട്ടനവധി കാര്യങ്ങള്‍ക്ക് എന്ത് പരിഹാരമുണ്ടാക്കാനാകും, ഇത്തരം കാര്യങ്ങള്‍ക്കുള്ള നിയമോപദേശം എവിടെനിന്നും കിട്ടും, ഇതിനായി അമേരിക്കന്‍ രാഷ്ട്രീയത്തിലൂടെ നമ്മള്‍ക്ക് ഏതു രീതിയില്‍ സമ്മര്‍ദ്ദം ചിലത്താനാവും മുതലായവ ഈ കണ്‍വന്‍ഷനില്‍ പ്രധാനവിഷയങ്ങളായി അവതരിപ്പിക്കും.

ഫോമാ സെന്‍ട്രല്‍ റീജിയനല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് എടാട്ടും, മറ്റ് നാഷണല്‍ കമ്മറ്റിയംഗങ്ങളും ഇത്തരമൊരു സംരംഭത്തെ ഈ റീജിയനിലേക്ക് ആദ്യമായി വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സര്‍ക്കാര്‍ തലത്തില്‍ സഹകരിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി ഫോമാ ലൈഫ് മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവുകളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്