മലയാളം സൊസൈറ്റി ഹൂസ്റ്റൺ നവംബർ സമ്മേളനം
Saturday, November 16, 2019 3:23 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ നവംബർ സമ്മേളനം 10ന് സ്റ്റാഫോർഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്‍റിൽ ചേർന്നു. സമ്മേളനത്തിൽ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളാണ് ചർച്ചയ്ക്കെടുത്തത്. സജി പുല്ലാട് എഴുതി സംഗീതം നൽകിയ പ്രളയാനന്തരം എന്ന ഗാനവും തോമസ് കളത്തൂർ എഴുതിയ ചില നവോത്ഥാന സാരഥികൾ എന്ന പ്രബന്ധവും.

സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. സജി പുല്ലാടിന്‍റെ ഗാനാവതരണമായിരുന്നു ആദ്യഇനം. ഒരു കലാകുടുംബത്തിലെ അംഗമായ സജി സംഗീതത്തിൽ വളരെ തൽപരനാണ്. പ്രസിദ്ധ സംഗീത സംവിധായകൻ ജോസി പുല്ലാട് അദ്ദേഹത്തിന്‍റെ ജേഷ്ഠസഹോദരനാണ്. കഴിഞ്ഞവർഷം നാട്ടിലുണ്ടായ ഭീകരമായ പ്രളയത്തിന്‍റെ കെടുതിയിൽ പെട്ട ചിലരുടെ സങ്കടകരമായ സാക്ഷ്യമൊഴി അദ്ദേഹത്തെ പ്രളയാന്തരം എന്ന ഈ ഗാനരചനയ്ക്ക് പ്രേരിപ്പിച്ചു. അദ്ദേഹംതന്നെ സംഗീതം പകർന്നു. അത് സജിയും മകളും ചേർന്ന് ആലപിച്ചു. ദുഖത്തിന്‍റെയും നെടുവീർപ്പിന്‍റെയും കയ്പുനീർ കലർന്ന ഈ ഗാനം സദസ്യർ നിറകണ്ണുകളോടെയാണ് ശ്രവിച്ചത്. അവസാനം ഗാനരചയിതാവ് ചോദിക്കുന്നു ആർക്കവേണ്ടിയാണ് അനാവശ്യമായ സന്പാദിച്ചു കൂട്ടുന്നത്? അദ്ദേഹംതന്നെ മറുപടിയും പറയുന്നു, എല്ലാം നാഥനുവേണ്ടി അർപ്പിക്കൂ.

തുടർന്നു തോമസ് കളത്തൂർ എഴുതിയ കേരളത്തിലെ ചില നവോത്ഥാന സാരഥികൾ എന്ന പ്രബന്ധം അവതരിപ്പിച്ചു. 18-ാം നൂറ്റാണ്ടിൽ കേരളക്കരയിൽ ജന്മമെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരുന്നു ഈ പ്രബന്ധം.
‌‌
“ബ്രാഹ്മണ്യമേധാവിത്വവും ഫ്യൂഡൽ പ്രഭുക്കളുടെ ചൂഷണവും അന്ധവിശ്വാസങ്ങളും മറ്റ് ദുരാചാരാങ്ങളും കൊടികെട്ടി വാണിരുന്ന കാലം. തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാൽപോലും ദോഷമുള്ളവർ എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങൾ ഉറഞ്ഞാടുന്ന കാലം.” മനുഷ്യ നിർമിതമായ ഈ അസ്വാതന്ത്രത്തിനും അന്തരങ്ങൾക്കും മാറ്റം വരുത്താൻ പാശ്ചാത്യ മിഷനറിമാരുടെ ആഗമനം വളരം സഹായിച്ചു. ഈ കാലയളവിൽ കേരളത്തിൽ ജന്മമെടുത്ത നവോത്ഥാന സാരഥികളായിരുന്നു കളത്തൂരിന്‍റെ പ്രബന്ധത്തിലെ പ്രധാന പ്രതിപാദ്യം.

വിദ്വാൻകുട്ടി എന്ന രാമയ്യൻ, അയ്യപ്പൻ എന്ന ചട്ടന്പി സ്വാമികൾ, ശ്രീനാരായണഗുരുസ്വാമികൾ, മഹാത്മ അയ്യങ്കാളി, വൈക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്കയിൽ കുമാരഗുരു അഥവാ പൊയ്കയിൽ അപ്പച്ചൻ എന്ന പൊയ്കയിൽ യോഹന്നാൻ എന്നിവരുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളും അവർ നവോത്ഥാനത്തിനു നൽകിയ സംഭാവനകളും വിവരിച്ചു.

പൊന്നു പിള്ള, റവ. ഡോ. തോമസ് അന്പലവേലിൽ, ജോയി ചെഞ്ചേരിൽ, സജി പുല്ലാട്. എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, ടോം വിരിപ്പൻ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ടി.എൻ. സാമുവൽ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു.
പൊന്നു പിള്ള നന്ദി പറഞ്ഞു. അടുത്ത സമ്മേളനം ഡിസംബർ ഡിസംബർ 8 നു നടക്കും.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 www.mannickarottu.net,
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.