ഫോമാ ലൈഫ് കൺവൻഷൻ നവംബർ 16 ന്; പ്രമുഖർ പങ്കെടുക്കും
Saturday, November 16, 2019 3:35 PM IST
ഷിക്കാഗോ: ഇന്ത്യൻ നോൺ ഇമിഗ്രന്‍റ്സ് വീസ പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി ചർച്ച ചെയ്ത് കാര്യങ്ങൾ അമേരിക്കൻ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലൈഫ് കൺവൻഷൻ നവംബർ 16ന് (ശനി) നടക്കും. ഷാംമ്പർഗിലെ "ഷാംമ്പർഗ് ബാങ്ക്വറ്റ്" ഹാളിൽ വൈകുന്നേരം 5.30 മുതലാണ് പരിപാടി.

പ്രമുഖർ പങ്കെടുക്കുന്ന "ലൈഫ്" കൺവൻഷനിൽ നിനച്ചിരിക്കാത്ത നേരത്ത്, നിയമങ്ങൾ മാറിമറിയുമ്പോൾ ഉണ്ടാവുന്ന വ്യധകൾ ഒരു പ്രവാസിക്കും കുടുംബത്തിനും അതിജീവിക്കാൻ വളരെ പ്രയാസമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, നേരായ മാർഗ്ഗങ്ങളിലൂടെ ഭരണസിരായകേന്ദ്രങ്ങളിൽ നേരിട്ടറിയിക്കുവാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഫോമാ ലൈഫ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

സാം പെട്രോഡ, രാജ കൃഷ്ണമൂർത്തി, കോൺഗ്രസ്മാൻ ഷോൺ കാസ്റ്റൻ, കോൺഗ്രസ്മാൻ ബിൽ ഫോസ്റ്റർ, കോൺസുലർ ജനറൽ സുധാകർ ദലേല തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുക്കും.

വീസ നയത്തിൽ ഏർപ്പെടുത്തിയിരുന്ന പുതിയ നിയമങ്ങൾ പ്രവാസികളായ ഇന്ത്യക്കാർക്ക് ഒട്ടനവധി പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുതുകുന്ന ഒരു തുറന്ന വേദിയായി ഫോമായുടെ ലീഗൽ ഇമിഗ്രന്റ്‌സ് ഫെഡറേഷൻ (ലൈഫ്) വേദിയാകുകയാണ്. നാട്ടിലായാലും, അമേരിക്കയിലായാലും "എന്നും നമ്മോടൊപ്പം" എന്ന ആപ്തവാക്യവുമായി ഫോമാ ജനഹൃദയങ്ങളിലേക്ക് സഹായഹസ്തവുമായി എത്തപ്പെടുകയാണ്.

ഫോമാ ജനറൽ സെക്രെട്ടറി ജോസ് അബ്രഹാമിന്റെ ആശമായ ഈ ഉദ്യമത്തിന്, ഇതിനോടകം അമേരിക്കയിലുടനീളം ജനശദ്ധയാകർഷിച്ചുകഴിഞ്ഞു. സാം ആന്‍റോ ചെയർമാനായുള്ള ലൈഫ് കമ്മിറ്റിയിൽ, ഗിരീഷ് ശശാങ്കശേഖർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഫോമായുടെ നിരവധി റീജണുകൾ "ലൈഫ്" കൺവൻഷനുകൾ നടത്തുവാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്:ബിജു തോമസ് പന്തളം