കലിഫോർണിയ സ്കൂൾ വെടിവയ്പ്; വെടിവച്ച വിദ്യാർഥിയും മരിച്ചു
Saturday, November 16, 2019 4:22 PM IST
കലിഫോർണിയ: കഴിഞ്ഞ ദിവസം കലിഫോർണിയയിലെ സോഗസ് ഹൈസ്കൂളിൽ വെടിവയ്പു നടത്തിയ വിദ്യാർഥി നഥനിയേൽ ബെർഹൗ (16) മരിച്ചു. ഇതോടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. നവംബർ 14 നു നടന്ന വെടിവയ്പിൽ 16 ഉം 14 ഉം വയസുള്ള വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.

ആറുതിരകളുള്ള 45 കാലിബർ തോക്കാണ് നഥനിയേൽ വെടിവയ്ക്കാൻ ഉപയോഗിച്ചത്. ബാക്ക് ഹക്കിൽ നിന്നും തോക്കെടുത്ത് വെടിവയ്ക്കുന്നത് കാമറയിൽ കാണാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ചു റൗണ്ട് വെടിവച്ചതിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ആറാമത്തെ വെടിയുണ്ട ഉപയോഗിച്ചു നഥനിയേൽ സ്വയം വെടിവയ്ക്കുകയായിരുന്നു. പതിനാറു മിനിറ്റുകൊണ്ട് എല്ലാം അവസാനിച്ചു.

മരണ സമയത്ത് നഥനിയേലിന്‍റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. വെടിയേറ്റ മുന്നു പേരിൽ രണ്ടു പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. നഥനിയേൽ സ്പോർട്സിലും മറ്റു പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ