ഫോമാ ലൈഫ് കൺവൻഷൻ ഗംഭീര വിജയം
Wednesday, November 20, 2019 9:53 PM IST
ഷിക്കാഗോ: ഷാംബർഗ് ബാങ്ക്വറ്റ് ഹാളിൽ നടന്ന ഫോമായുടെ ആദ്യ ലീഗൽ ഇമിഗ്രന്‍റ്സ് ഫെഡറേഷൻ (ലൈഫ്) കൺവൻഷൻ വൻവിജയമായി. അമേരിക്കയിലുള്ള ഏതൊരാളുടെയും സ്വപ്നമായ ഗ്രീൻകാർഡ്, ഒരു ആയുസുകൊണ്ട് നേടിയെടുക്കാൻ കഴിയാത്തവിധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്ന ഈ അവസരത്തിൽ ഫോമായുടെ ഈ ചുവടുവയ്പ് എന്തുകൊണ്ടും ജനശ്രദ്ധയാകർഷിച്ചു.

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായകന്മാർ അണിനിരന്ന വേദിയിൽ വീസ സംബന്ധമായ പ്രശ്‍നങ്ങളിൽ പ്രയാസമനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന പ്രവാസികൾക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രി ഉണ്ടായിട്ടും ഒരു തൊഴിൽ പോലും ചെയ്യുവാൻ അവസരം നിഷേധിക്കുന്നത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചവർക്ക്, ഇതൊരു നല്ല തുടക്കമാണ്, നമുക്കൊരുമിച്ചു മുന്നോട്ടു നീങ്ങാമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റ് പാർട്ടിയിലെയും വിവിധ അമേരിക്കൻ ജനപ്രതിനിധികൾ രാഷ്ട്രീയഭേദമെന്യേ സഹായങ്ങൾ വാഗ്ദാനം നൽകി. ഈ വിഷയത്തിൽ ഫോമായോടൊപ്പം ഇല്ലിനോയി ഇമിഗ്രേഷൻ ഫോറവും ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബും സഹകരിച്ചിരുന്നു.

ഫോമാ ലൈഫ് കൺവൻഷനിൽ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖരിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്റ്റേറ്റ് ചീഫ് ടിം ഷ്‌നൈദർ, സ്റ്റേറ്റ് റപ്രസെന്‍റേറ്റീവ് ടോം മോറിസൻ, ഡോ. സാം പെട്രോഡ, കോൺഗ്രസ്മാൻ രാജ കൃഷ്ണമൂർത്തി, രാഷ്ട്രീയ പ്രതിനിധികളായ മാറ്റ് ഫ്ലാം, ലാഡി സിംഗ് എന്നിവർ ഉൾപ്പെടും. അമേരിക്കയുടെ വിവിധ സിറ്റികളിൽ നിന്നും കൺവൻഷനു വന്ന എല്ലാവർക്കും ഫോമായുടെ നാമത്തിൽ ഇമിഗ്രേഷൻ ചെയർമാൻ സാം ആൻറ്റോ സ്വാഗതം ആശംസിച്ചു.

ഒരു വലിയ സമൂഹത്തെ ഒട്ടാകെ ബാധിക്കുന്ന ഒരു വലിയ സാമൂഹ്യപ്രശ്‍നത്തെ അതിന്‍റെ യാഥാർഥ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് അധികാരികളുടെ മുന്നിൽ എത്തിക്കുകയും വേണ്ട നടപടികൾ എടുക്കുവാൻ തക്കവിധം തുടർ നടപടികളുമായി മുന്നോട്ടു പോകുക എന്ന വലിയ ദൗത്യമാണ് ഫോമാ ഏറ്റെടുത്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു.

ആയിരക്കണക്കിന് ആൾക്കാർ അനുഭവിക്കുന്ന ഈയൊരു പ്രശ്നത്തെ കണ്ടിട്ടും കണ്ടില്ലന്നു നടിക്കുവാൻ ഫോമായെപോലെയുള്ള സംഘടനക്ക് കഴിയില്ലെന്ന് ഫോമാ സെൻട്രൽ റീജൺ വൈസ് പ്രസിഡന്‍റ് ബിജി എടാട്ട് പറഞ്ഞു. ലക്‌ഷ്യത്തിലെത്താതെ പകച്ചുനിൽക്കുന്നവർക്കു ഒരു വഴികാട്ടിയാണ് ഫോമായുടെ ഇത്തരം കൺവൻഷനുകളും സെമിനാറുകളും എന്ന ഫോമായുടെ ജോയിയിന്‍റ് ട്രഷറർ ജയിൻ കണ്ണച്ചൻപറമ്പിൽ പറഞ്ഞു.

ഫിലഡൽഫിയയിൽ നിന്നുള്ള സുധീപ് നായർ, അറ്റ്‌ലാന്‍റയിൽ നിന്നും അനിൽ അഗസ്റ്റിൻ, നാഷ്‌വിൽ നിന്നും ബബുലു ചാക്കോ, ഷിക്കാഗോയിൽ നിന്നും വെങ്കിട്ട് റെഡ്ഡി എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. പ്രൊഫെഷണിലിസം തിളങ്ങിയ ഈ ലൈഫ് കൺവൻഷന്റെ ചെയർമാൻ സുബാഷ് ജോർജ് ചെമ്മാന്തറയും, കോഓർഡിനേറ്റർ വിശാഖ് ചെറിയാനുമായിരുന്നു. ഷാനാ മോഹൻ, ഫിലിപ്പ് നങ്ങച്ചിവീട്ടിൽ എന്നിവർ എംസി മാരായി പ്രവർത്തിച്ചു

ജനറൽ സെക്രട്ടറി ജോസ് എബ്രാഹാമിന്‍റെയും റീജണൽ വൈസ് പ്രസിഡന്‍റ് ബിജി ഫിലിപ്പിന്‍റേയും നേതൃത്വത്തിൽ നടന്ന യോഗം തുടർ നടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. നാഷണൽ കമ്മിറ്റി അംഗം ജോൺ പാട്ടപതി മുന്നോട്ടുവച്ച ആയിരത്തിൽപരം ആളുകളുടെ ഒപ്പുശേഖരണം നടത്തി സെനറ്റർ ഡിക്ക് ഡർബിന്‍റെ ഓഫീസിലേക്ക് എത്തിക്കുക എന്ന ആശയത്തിന് എല്ലാ അംഗങ്ങളുടെയും പൂർണപിന്തുണ ഉണ്ടാവുകയും അതിനുവേണ്ടി ഷിക്കാഗോയിൽ അധിവസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള മറ്റു ഇന്ത്യക്കാരുടെയും സഹായം തേടുവാൻ തീരുമാനിക്കുകയും അതനുസരിച്ച് അടുത്ത ഒരു മാസത്തിനുള്ളിൽ സെൻട്രൽ റീജണിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഫോമയുടെ ഈ യജ്ഞം ഇന്നിന്‍റെ ആവശ്യമാണന്നും ഇതിന്‍റെ വിജയം ആയിരക്കണക്കിന് ഇന്ത്യക്കാർ ഇന്ന് അനുഭവിക്കുന്ന ഒരു വലിയ പ്രശ്നത്തിന് ഒരു പരിധിവരെ സഹായകമാവുമെന്ന് പ്രത്യാശയോടെ ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ ലൈഫ് കൺവൻഷന് ആശംസകൾ നേർന്നു.

റിപ്പോർട്ട്:ബിജു തോമസ് പന്തളം