കെവിൻ ഓലിക്കൽ ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു
Wednesday, December 4, 2019 12:12 AM IST
ഷിക്കാഗോ: അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്‍റെ ഭാഗമായി ഷിക്കാഗോയിൽ നിന്നുള്ള മലയാളി യുവാവ് ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. ഷിക്കാഗോ മലയാളി സമൂഹത്തിനു സുപരിചിതനായ കെവിൻ ഓലിക്കലാണ് മലയാളി സമൂഹത്തിന്‍റെ പ്രതീക്ഷകളെ വാനോളം ഉയർത്തികൊണ്ട് മത്സര രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്.

ഷിക്കാഗോയിലെ 40th & 50th വാർഡുകളും സ്‌കോക്കി, മോർട്ടൻഗ്രോവ്, ലിങ്കൻവുഡ്‌ സബർബുകളും അടങ്ങുന്ന ഇല്ലിനോയി സംസ്ഥാനത്തിന്‍റെ പതിനാറാം വാർഡാണ് കെവിന്‍റെ മത്സരവേദി. 2010 മാർച്ച് 17 നാണ് തെരഞ്ഞെടുപ്പ്.

നൈൽസ് നോർത്ത് ഹൈസ്‌കൂളിൽ നിന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയ കെവിൻ, അമേരിക്കൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്റ്റേറ്റ് റപ്രസന്‍റേറ്റീവ് ഡബ് കോൺറോയിയുടെ ഡിസ്ട്രിക് ഡയറക്ടർ ആയി സേവനം ചെയ്തിട്ടുള്ള കെവിൻ, ഇന്തോ അമേരിക്കൻ ഡെമോക്രാറ്റിക്‌ ഓർഗനൈസഷന്‍റെ ( IADO ) എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്. വർഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരോടൊപ്പം അമേരിക്കൻ സമൂഹത്തിന്‍റെ സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തിൽ യുവജനങ്ങൾക്ക് അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ - സൂസൻ ദമ്പതികളുടെ മകനും ഷിക്കാഗോയിലെ മലയാളി യുവത്വത്തിന്‍റെ പ്രതീകവുമായ കെവിന് കലവറയില്ലാത്ത പിന്തുണയുമായി പ്രദേശത്തെ എല്ലാ മലയാളി സംഘടനകളും വ്യക്തികളും അണിനിരന്നു കഴിഞ്ഞു. ഫണ്ട് സമാഹരണത്തിനും സോഷ്യൽ മീഡിയയിലൂടെയും നേരിട്ടുമുള്ള ഇലക്ഷൻ പ്രാചരണത്തിനുമൊക്കെയായി മലായാളി സമൂഹം തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഔദ്യോഗിക നാമനിർദേശ പത്രിക സമർപ്പിച്ച കെവിന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികൾ ഇതിനകം തന്നെ മുന്നോട്ടു വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായ ടോമി മെതിപ്പാറ അറിയിച്ചു.

തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ദിശാബോധം നൽകുവാനും തെരെഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തിനുമായി ഷിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടെയും പിന്തുണയോടെ, ഡിസംബർ 8 നു വൈകിട്ട് മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വിപുലമായ സമ്മേളനത്തിലേക്ക് എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ടോമി മെതിപ്പാറ അറിയിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ