കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Friday, December 6, 2019 8:06 PM IST
നാഷ്‌വില്ല , ടെന്നിസി: 1991–ൽ കാമുകിയെ കാറിലിരുത്തി പെട്രോൾ ഒഴിച്ചു കത്തിച്ച പ്രതി ലി ഹാളിന്‍റെ (53) വധശിക്ഷ ടെന്നിസിയിൽ ഡിസംബർ 5ന് വൈകുന്നേരം 7 ന് നടപ്പാക്കി. 22 വയസുള്ള ട്രോയ്സിയാണ് കൊല്ലപ്പെട്ടത്.

1976–ൽ വധശിക്ഷ അമേരിക്കയിൽ പുനഃസ്ഥാപിച്ചശേഷം നടപ്പാക്കുന്ന അന്ധനായ തടവുകാരന്‍റെ രണ്ടാമത്തെ വധശിക്ഷയാണിത്.മാരകമായ വിഷം കുത്തിവയ്ക്കുന്നതിനു പകരം ഇലക്ട്രിക് ചെയറാണ് പ്രതി ആവശ്യപ്പെട്ടത്. മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പു ലി ജയിലിലെത്തുമ്പോൾ അന്ധനായിരുന്നില്ലെന്നും എന്നാൽ പിന്നീട് കണ്ണിനു കാഴ്ച നഷ്ടപ്പെടുകയായിരുന്നുവെന്നും അറ്റോർണി പറഞ്ഞു.അന്ധനായ പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതിയും ഗവർണറും നിരസിച്ചതിനെ തുടർന്നാണു വധശിക്ഷ നടപ്പിലാക്കിയത്.

2006–ൽ കലിഫോർണിയായിലാണ് ആദ്യമായി അന്ധനായ റെ അല്ലന്‍റെ വധശിക്ഷ നടപ്പാക്കിയിരുന്നു. ടെന്നിസി ഉൾപ്പെടെ ആറു സംസ്ഥാനങ്ങളാണു പ്രതിക്കു ഇലക്ട്രിക് ചെയർ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നത്.വധശിക്ഷക്കു ഇലക്ട്രിക് ചെയറിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പു അവസാന ആഹാരമായി ആവശ്യപ്പെട്ടത് ഒനിയൻ റിംഗ്സ്, പെപ്സി, ചീസ് കേക്ക്, ചീസ് സ്റ്റേക്ക് എന്നിവ ഉൾപ്പെടുന്ന മീലാണ്. 20 ഡോളറാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. വൈകിട്ട് 7.10ന് ഇലക്ട്രിക് ചെയറിലിരുത്തി ശക്തമായ വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ടതിനെ തുടർന്നു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ