ഇന്ത്യ പ്രസ്‌ക്ലബ്ബ് ഷിക്കാഗോ ചാപ്റ്ററിന് നവനേതൃത്വം
Monday, December 16, 2019 12:44 PM IST
ഷിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡന്റ്പദത്തിലേക്ക് ജോസ് കണിയാലിക്ക് രണ്ടാമൂഴം. ഒരു ദശാബ്ദത്തിനു ശേഷമാണ് നാഷണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച ജോസ് കണിയാലി പ്രാദേശിക ചാപ്റ്ററിന്റെ ചുമതലയേല്‍ക്കുന്നത്.

പ്രസിഡന്റ്ബിജു കിഴക്കേക്കൂറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു ഏകകണ്ഠമായ തെരഞ്ഞെടുപ്പ്. ബിജു സക്കറിയയാണ് ജനറല്‍ സെക്രട്ടറി. ശിവന്‍ മുഹമ്മ ട്രഷറര്‍. ജോയിച്ചന്‍ പുതുക്കുളത്തെ വൈസ് പ്രസിഡന്റായും പ്രസന്നന്‍ പിളളയെ ജോയിന്റ്‌സെക്രട്ടറിയായും തെരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് എക്‌സിക്യൂട്ടീവിന്റെ കാലാവധി.

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ തുടക്കക്കാരിലൊരാളും മുന്‍ദേശീയ പ്രസിഡന്റുമായ ജോസ് കണിയാലിയാണ് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയുടെ രംഗപടം തിരുത്തിയെഴുതിയതെന്ന് വിശേഷിപ്പിക്കാം. കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ജോസ് കണിയാലി പത്രപ്രവര്‍ത്തിനൊപ്പം സംഘാടക മേഖലയിലും കൈയൊപ്പ്ചാര്‍ത്തിയിട്ടുണ്ട്. കണിയാലി ദേശീയ പ്രസിന്റായ കാലയളിവിലാണ് സൗഹൃദ കട്ടായ്മ യെന്ന വിശേഷണം വലിച്ചെറിഞ്ഞ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന തും സംസാര വിഷയമാവുന്നതും. 2008 ല്‍ ഷിക്കാഗോയിലും തൊട്ടടുത്ത വര്‍ഷം ന്യൂജഴ്‌സിയിലും ഇന്ത്യ പ്രസ്‌ക്ലബ്ബ് ദേശീയ കോണ്‍ഫറന്‍സുകള്‍ നടത്തിയ വെണ്‍മയാര്‍ന്ന ച രിത്രം കണിയാലിക്ക് സ്വകാര്യ നേട്ടവും തലയെടുപ്പുമാണ്.

ദൃശ്യമാധ്യമ മേഖലയിലെ അങ്കച്ചുവടുമായാണ് ബിജു സഖറിയ ജനറല്‍ സെക്രട്ടറ പദത്തിലെത്തുന്നത്. ഏഷ്യാനെറ്റ് യു.എസ്.എയ്ക്ക് ചിക്കാഗോയില്‍ അടിവേരുകളുണ്ടാക്കിയ ബിജു സഖറിയ ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടി.വി യുഎസ്എയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്. അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ നേര്‍രേഖകള്‍ ഇവിടെയും നാട്ടിലുമുളള ടെലിവിഷന്‍ പ്രേക്ഷര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ ക്യാമറയ്ക്കു പിന്നിലെ ബിജു സ ഖറിയയുടെ അകക്കണ്ണുകളുണ്ട്.

ഇന്ത്യ പ്രസ്‌ക്ലബ്ബ് മുന്‍ ദേശീയ പ്രസിഡന്റും കൈരളി ടി,വിയുടെ വാര്‍ത്താ അവതാരക നുമാണ് ട്രഷറര്‍ ശിവന്‍ മുഹമ്മ. ഇന്‍ഫൊര്‍മേഷന്‍ സുപ്പള്‍ഹൈവേയുടെ കുത്തൊഴുക്കിനു മുമ്പ് ലഭ്യമായ സാങ്കേതികകളിലൂടെ അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ വാര്‍ത്തകളും അപഗ്രഥനങ്ങളും രാജ്യന്തര പ്ലാറ്റ്‌ഫോമുകളില്‍ എത്തിച്ചതിന്റെ ക്രെഡിറ്റുണ്ട് ശിവന്‍ മുഹമ്മയ്ക്ക്.

ഓണ്‍ലൈന്‍ വാര്‍ത്താ വിനിമയത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോയിച്ചന്‍ പുതുക്കുളമാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ വെബ്‌പോര്‍ട്ടലുകളിലൂടെ അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ ലോകസമക്ഷം എത്തിക്കുന്നതില്‍ മുന്‍ നിരക്കാരനായ ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോയിലെ സാമൂഹിക മേഖലയിലും സജീവമാണ്. വൈസ് പ്രസിഡന്റ്പദത്തിലേക്ക് മൂന്നാംതവണയാണ് ജോയിച്ചന്‍ പുതുക്കുളം അവരോധിതനാവുന്നത്.