ഹില്ലരി ക്ലിന്‍റൺ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പ്രഥമ വനിത ചാൻസലർ
Monday, January 13, 2020 10:03 PM IST
ന്യൂയോർക്ക്: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്‍റണിനു ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലറായി നിയമനം ലഭിച്ചു . യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത, ചാൻസലർ പദവിയിലെത്തുന്നത്.

അഞ്ചുവർഷത്തേക്കാണ് നിയമനം. ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റുയുടെ പതിനൊന്നാമത്തെ ചാൻസലറാണ് ഡമോക്രാറ്റിക് പാർട്ടിയുടെ മുൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥികൂടിയായ ഹില്ലരി. കഴിഞ്ഞവർഷം അന്തരിച്ച ചാൻസലർ ഡോ. ടോം മൊറൈന്‍റെ പിൻഗാമിയായാണ് ഹില്ലരിയുടെ നിയമനം. ചരിത്രപ്രസിദ്ധമായ യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദവി സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഹില്ലറി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉടൻ സ്ഥാനമേൽക്കുന്ന ഹില്ലരി യൂണിവേഴ്സിറ്റിയുടെ അംബാസഡറായാകും പ്രധാനമായും പ്രവർത്തിക്കുക. ഗ്രാജുവേഷൻ സെറിമണികളിലും അവരുടെ സാന്നിധ്യമുണ്ടാകും. 1995ൽ അമേരിക്കൻ ഫസ്റ്റ് ലേഡി എന്ന നിലയിൽ ബെൽഫാസ്റ്റ് സന്ദർശിച്ചിട്ടുള്ള ഹില്ലരി ഇനി ബെൽഫാസ്റ്റിലെ സ്ഥിരം സന്ദർശകയായി മാറും.

റിപ്പോർട്ട്: പി.പി. ചെറിയാൻ