കേംബ്രിഡ്ജ് സിറ്റിക്ക് ആദ്യ മുസ്‌ലിം വനിതാ മേയർ
Wednesday, January 15, 2020 8:34 PM IST
കേംബ്രിഡ്ജ്: മാസച്യുസിറ്റ്സ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് മുസ്‌ലിം വനിത തെരഞ്ഞെടുക്കപ്പെട്ടു. സംബുൾ സിദ്ധിഖിയാണ് (31) കേംബ്രിഡ്ജ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടു തവണ സിറ്റി കൗൺസില്‍ അംഗമായിരുന്ന സംബുൾ, 2017 ലായിരുന്നു ആദ്യമായി കൗൺസില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗൺസിൽ അധ്യക്ഷയായും സ്കൂൾ കമ്മിറ്റി അധ്യക്ഷയായും സിദ്ധിഖി ചുമതലകൾ വഹിക്കും.

അടുത്ത രണ്ടു വർഷം സിറ്റിയിലെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്നതെന്തോ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്ന് മേയറായി സത്യ പ്രതിജ്ഞ ചെയ്തശേഷം സംബുൾ അറിയിച്ചു. ജനുവരി ആറിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സംബുൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രചാരണത്തിന്‍റെ ചുക്കാൻ പിടിച്ചിരുന്ന ഷോൺ കെന്നഡി ആഹ്ലാദം പങ്കുവച്ചു. ഹെൽത്ത് കെയർ, ഹൗസിംഗ് എഡ്യൂക്കേഷൻ, ക്രിമിനൽ ആൻഡ് ലീഗൽ സിസ്റ്റം എന്നിവ കുറ്റമറ്റതാക്കുന്നതിന് പുതിയ മേയർക്കു കഴിയുമെന്ന് ജെറ്റ് പാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മൊഹമ്മദ് മിസോറി പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടു വയസുള്ളപ്പോൾ പാക്കിസ്ഥാനിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് സംബുൾ അമേരിക്കയിൽ എത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ