രാജന്‍ പടവത്തിലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രഷററായി തെരഞ്ഞെടുത്തു
Thursday, January 16, 2020 12:14 PM IST
ന്യൂയോര്‍ക്ക്: രാജന്‍ പടവത്തിലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രഷററായി തെരഞ്ഞെടുത്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന അദ്ദേഹം കോളജ് യൂണിയന്‍ സെക്രട്ടറി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 1989ല്‍ അമേരിക്കയിലെ കേരളം എന്ന് അറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. ആദ്യമായി 1995 1997 വര്‍ഷത്തില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2002 2003ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്, 20032004ല്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2004 2006 കാലഘട്ടത്തില്‍ ഫൊക്കാന എന്ന ദേശീയ സംഘടനയുടെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടത്തപ്പെട്ട കണ്‍വന്‍ഷന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് മികവുറ്റ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി 2006 2008ല്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008 2012 വരെ ഫോക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

2012ല്‍ ഫൊക്കാനയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷറായി പ്രവര്‍ത്തിച്ച രാജന്‍ പടവത്തില്‍ 2014 2016 കാലഘട്ടത്തില്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 2012 2016 വര്‍ഷത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്റ്റാറ്റര്‍ജി പ്ലാനിംഗ് കമ്മീഷന്‍ മെമ്പര്‍, വീണ്ടും 2017 2019ല്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അതോടൊപ്പം 2016 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന രാജന്‍ പടവത്തില്‍ എന്തുകൊണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നാഷണല്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാര്‍ഹമാണെന്നു നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം