പബ്ലിക് സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും
Friday, January 17, 2020 9:08 PM IST
വാഷിംഗ്ടൺ ഡിസി : പബ്ലിക് സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനും മത സംഘടനകൾക്കു ഫെഡറൽ ഫണ്ട് നൽകുന്നതിനുമുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.

ഫെഡറൽ പരിപാടികളിൽ റിലിജിയസ് ഓർഗനൈസേഷനുകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നതിനു പ്രസിഡന്‍റ് ട്രംപ് നടപടികൾ സ്വീകരിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

ട്രംപ് അധികാരത്തിൽ വന്നതിനുശേഷം 2018 ൽ ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ ഈ വിഷയങ്ങളെ കുറിച്ചു സൂചിപ്പിച്ചിരുന്നു. 2003 ൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ സ്കൂൾ പ്രെയറിനെ കുറിച്ചുള്ള മാർഗ നിർദേശങ്ങളിൽ കാതലായ മാറ്റം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. സ്കൂൾ ഡിസ്ട്രിക്ട് അധികൃതർക്ക് അവരുടെ നയങ്ങൾ അനുസരിച്ചു സ്കൂളിൽ പ്രാർഥന തടയുന്നതിനുള്ള അവകാശം പുതിയ ഉത്തരവിറക്കുന്നതോടെ ഇല്ലാതാകുമെന്നും അതിലൂടെ പബ്ലിക് സ്കൂളുകളിൽ പ്രാർഥനയ്ക്കുള്ള പൂർണ സ്വാതന്ത്ര്യം കൈവരുമെന്നും വൈറ്റ് ഹൗസിന്‍റെ അറിയിപ്പിൽ പറയുന്നു.

ട്രംപിന്‍റെ ഇവാഞ്ചലിക്കൽ അഡ്വൈസറി ബോർഡ് അംഗം ജോണി മൂർ വൈറ്റ് ഹൗസിന്‍റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ