ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Saturday, January 18, 2020 3:50 PM IST
ഓസ്റ്റിന്‍ : ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (ഗാമ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സനില്‍ രവീന്ദ്രന്‍ (പ്രസിഡന്റ്), വിജയ് പൂലോത് (സെക്രട്ടറി), മിഥുന്‍ കടവില്‍ (വൈസ് പ്രസിഡന്റ്), പ്രവീണ്‍ കാഞ്ഞിരംകാട്ട് (ട്രഷറര്‍) എന്നിവരോടൊപ്പം മറ്റു പതിനാറു അംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.

ഓസ്റ്റിന്‍ ടെക്‌സാസ് മലയാളികള്‍ക്കു വേണ്ടി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നോണ്‍പ്രോഫിറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ ആണ് ഗാമ. ഓസ്റ്റിന്‍ മലയാളീ സമൂഹത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാമ വര്‍ഷം മുഴുവനും വൈവിധ്യമാര്‍ന്ന കലാകായിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നു. കുട്ടികളിലെ കലാസാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതോടൊപ്പം മലയാള ഭാഷ നിപുണത വളര്‍ത്തുന്നതിന് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിനു മായി ചേര്‍ന്ന് പ്രേവര്തികുന്ന ഗാമമലയാളം സ്‌കൂള്‍, കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ് പ്രോഗ്രാം, എന്നിവ ഉള്‍പ്പടെ നിരവധി സേവനങ്ങള്‍ നടത്തിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.


സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പുതിയ നേതൃത്വം അവതരിപ്പിച്ചു. ഓസ്റ്റിനിലെ മലയാളി സമൂഹത്തിനു പ്രയോജനകരമാകുന്ന വിധത്തില്‍ നടത്തി കൊണ്ടിരിക്കുന്ന സേവനങ്ങള്‍ പൂര്‍വാധികം തുടരുവാന്‍ ഗാമയുടെ പുതിയ ഭാരവാഹികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍