കലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു ബാസ്‌കറ്റ് ബോള്‍ താരം ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു
Monday, January 27, 2020 11:11 AM IST
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരവും കാലിഫോര്‍ണിയ ലേകേഴ്‌സ് ടീം അംഗവുമായിരുന്ന കോബി ബ്രയന്റ് (41) മകള്‍ ജിയന്ന (13) ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിച്ചു .ജനുവരി 26 രാവിലെ പത്തിനാണ് അപകടം സംഭവിച്ചത്. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചതാണ് ഒന്‍പതു പേരുടെയും മരണത്തിനു കാരണമായതെന്ന് പറയപ്പെടുന്നു . അപകടത്തില്‍ മരിച്ച മറ്റു ഏഴു പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹെലികോപ്റ്ററില്‍ ഇത്രയും പേര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല .

രണ്ടു ദശാബ്ദത്തോളം ബാസ്‌കറ്റ്ബാള്‍ കോര്‍ട്ടില്‍ മുടിചൂടാമന്നനായി വിരാചിച്ച, കോബി 2016 ലാണ് വിരമിച്ചത്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ല്‍ ടോറന്റോ റാപ്‌ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ്. 2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുവബിള്‍ പ്ലയര്‍ പുരസ്‌കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്‌കോറിംഗ് ചാമ്പ്യനുമായി 2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2018ല്‍ 'ഡിയര്‍ ബാസ്‌കറ്റ് ബോള്‍' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ജനിച്ച ഒരു കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ്.വനേസയാണ് ഭാര്യ. 2019 ജൂണിലാണ് നാലാമത്തെ മകള്‍ ജനിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍