ടെക്സസ് വോട്ടർ റജിസ്ട്രേഷൻ സമയപരിധി ഫെബ്രുവരി 3നു അവസാനിക്കും
Tuesday, January 28, 2020 9:02 PM IST
ഓസ്റ്റിൻ: മാർച്ച് മൂന്നിനു നടക്കുന്ന ടെക്സസ് പ്രൈമറി തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 3നു അവസാനിക്കും.

പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്ന പ്രൈമറി ഏർലി വോട്ടെടുപ്പ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും. റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻ തൂക്കമുള്ള ടെക്സസ് സംസ്ഥാനം ഇത്തവണ ആരെ പിന്തുണയ്ക്കുമെന്ന് പ്രവചിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇരുപാർട്ടികളിലെയും വോളണ്ടിയർമാർ വീടുതോറും കയറി ഇറങ്ങിയിരുന്നു.

ഇത്തവണ സംസ്ഥാനം ഡമോക്രാറ്റിക് പാർട്ടി പിടിച്ചെടുക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, തങ്ങളുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തുന്നതിന് ആരേയും അനുവദിക്കില്ല എന്ന പ്രതിജ്ഞയെടുത്താണ് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്.

ടെക്സസ് സംസ്ഥാനത്തെ ഗവർണർ ഗ്രോഗ് ഏബെട്ടിന് റിപ്പബ്ലിക്കൻ പാർട്ടിക്ക് സംസ്ഥാനത്ത് ശക്തമായി അടിത്തറ ഉണ്ടാകുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും ട്രംപിന് ശക്തമായ പിന്തുണ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരിക്കും ടെക്സസ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

റിപ്പോർട്ട്: പി.പി. ചെറിയാൻ