റിപ്പബ്ലിക്കൻ വോട്ടർ റജിസ്ട്രേഷൻ ക്യാന്പിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ
Monday, February 10, 2020 8:07 PM IST
ഡുവൽ കൗണ്ടി, ഫ്ലോറിഡ: റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച വോട്ടർ റജിസ്ട്രേഷൻ ക്യാന്പിലേക്ക് വാൻ ഓടിച്ചു കയറ്റിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

ഫെബ്രുവരി എട്ടിനായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെ വാൻ ക്യാന്പിലേക്ക് ഓടിച്ചു കയറ്റിയതിനെതുടർന്നു അവിടെ കൂടിയിരുന്നവർ ചിതറി ഓടുകയും ടെന്‍റിനു കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഡുവൽ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഭാരവാഹികൾ അറിയിച്ചു.

ഫ്ലോറിഡായിൽ നിന്നുള്ള ഗ്രിഗറി വില്യം ലോയൽ ടിം (27) എന്ന യുവാവാണ് അപകടം വരുത്തി വച്ചതെന്ന് ജാക്സൺ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ, പാർക്കിംഗ് ലോട്ടിന് സമീപം തകർന്ന നിലയിലായിരുന്നു.

ട്രംപിന്‍റെ പ്രധാന പ്രവർത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു. സസ്പെൻഡ് ചെയ്ത ലൈസെൻസ് ഉപയോഗിക്കൽ, മനപൂർവം അപകടം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഗ്രിഗറിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്‍റ് ട്രംപ് അപലപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ