താലിബാനുമായി ഉപാധികളോടെ ചർച്ച ആവാം: ട്രംപ്
Wednesday, February 12, 2020 8:32 PM IST
വാഷിംഗ്ടൺ: അഫ്ഗാനിൽ അമേരിക്കൻ അധിനിവേശത്തിന്‍റെ പതിനെട്ടാം വാർഷികം പിന്നിടുന്പോൾ താലിബാനുമായി ഉപാധികളോടെ ചർച്ച ആവാമെന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിൽനിന്നും അവസാന സൈനികനെ വരെ പിൻവലിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടും.

അഫ്ഗാനിസ്ഥാനിൽ അക്രമം ഒഴിവാക്കാമെന്ന് താലിബാനിൽനിന്നും ഉറപ്പു ലഭിച്ചതിനുശേഷം മാത്രമേ ഇത്തരമൊരു കരാറിൽ ഒപ്പുവയ്ക്കുകയുള്ളൂവെന്നും അതിനുശേഷം താലിബാനും അഫ്ഗാനിസ്ഥാൻ അധികൃതരും തമ്മിൽ ചർച്ച ആകാമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു.

ഫെബ്രുവരി 11നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഫ്ഗാൻ നേതാക്കളുമായി വെവ്വേറെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപിന്‍റെ തീരുമാനം അറിയിച്ചത്.

2001 മുതൽ അഫ്ഗാനിസ്ഥാനിൽ ആരംഭിച്ച അക്രമസംഭവങ്ങളിൽ ആയിരക്കണക്കിനു അഫ്ഗാൻ പട്ടാളക്കാരും 3500 ലധികം അമേരിക്കൻ സഖ്യകക്ഷി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ട്രംപിന്‍റെ പുതിയ നീക്കത്തെ താലിബാൻ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ താലിബാനുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ട്രംപ് അപ്രതീക്ഷിതമായി ചർച്ച നിർത്തിവയ്ക്കുകയായിരുന്നു. ട്രംപിന്‍റെ പുതിയ തീരുമാനം അഫ്ഗാനിസ്ഥാനിൽ എന്തു പ്രതികരണം ഉണ്ടാകുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ