ആളിപ്പടർന്ന അഗ്നിയിൽനിന്നും സഹോദരിയെ രക്ഷിച്ച നാലുവയസുകാരന്‍റെ അവയവം ദാനം ചെയ്തു
Thursday, February 13, 2020 8:36 PM IST
ഫ്ലോറിഡ: ആളിപ്പടർന്ന അഗ്നി വീടിനെ വിഴുങ്ങുന്പോൾ നാലു വയസുകാരനായ സൈഡൻ മയറിന് ഒറ്റ ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. തന്‍റെ സഹോദരിയെയും മുത്തച്ഛനേയും രക്ഷിക്കുക എന്നത്. ഒടുവിൽ പുകനിറഞ്ഞ മുറിയിൽനിന്നും അതിസാഹസികമായി സഹോദരിയെ രക്ഷിച്ച സൈഡന്, സ്വന്തം ജീവൻ തന്നെയാണ് ബലികൊടുക്കേണ്ടിവന്നത്.

മരണത്തിനു കീഴടങ്ങിയ സൈഡന്‍റെ അവയവം ദാനം ചെയ്തിരുന്നു. അവയവങ്ങൾ സ്വീകരിച്ച നവജാത ഇരട്ടക്കുട്ടികൾക്കു പുതു ജീവിതം ലഭിച്ചതായി മാതാവ് അഭിമാനത്തോടെ പറയുന്നു. മകൻ പ്രകടിപ്പിച്ച ധീരതയിൽ അഭിമാനം കൊള്ളുന്നതായി അവർ അറിയിച്ചു.

വെള്ളിയാഴ്ച്ച രാത്രി സൈഡനും മൂന്നുവയസുകാരി സഹോദരിയും മുത്തച്ഛനൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണു വീടിനു തീപിടിച്ചത്. മാതാവ് പുറത്തു ജോലിയിലായിരുന്നു. എന്നാൽ രോഗബധിതനായ മുത്തച്ഛൻ ഇതൊന്നും അറിഞ്ഞില്ല. മുറി മുഴുവൻ പുകകൊണ്ടു നിറഞ്ഞിരുന്നു. പുക അപകടകരമാണെന്ന് മനസിലാക്കിയ സൈഡൻ, ഇവർ കിടന്നിരുന്ന മുറിയുടെ ജനൽ തുറന്ന് മൂന്നുവയസുള്ള സഹോദരിയെ രക്ഷപ്പെടുത്തി. ഇതിനിടയിൽ പുക ശ്വസിച്ചു സൈഡൻ ബോധരഹിതനായി. അഗ്നിശമന സേനാംഗങ്ങൾ എത്തി വാതിൽ തുറന്നപ്പോൾ മുത്തച്ഛനും സൈഡനും വീട്ടിൽ മരിച്ചു കിടക്കുന്നതും മൂന്നു വയസുകാരി ജനലിനു സമീപം കിടക്കുന്നതുമാണ് കണ്ടത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

റിപ്പോർട്ട്: പി. പി. ചെറിയാൻ