കാണാതായ ആറുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ഒരു പുരുഷന്‍റെ മൃതദേഹവും
Friday, February 14, 2020 9:41 PM IST
സൗത്ത് കരോളൈന: സൗത്ത് കരോളൈനയിലെ വീടിനു മുന്പിൽ നിന്നും ഫെബ്രുവരി 10 നു കാണാതായ ആറുവയസുകാരി ഫെയ മേരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ബയ്റൺ അറിയിച്ചു. എന്നാൽ മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താൻ ഡയറക്ടർ വിസമ്മതിച്ചു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപം ചർച്ച് ഹിൽ ഹൈറ്റ്സിൽ നിന്നു മറ്റൊരു പുരുഷന്‍റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്റൺ അറിയിച്ചു. ‌ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുന്പിൽ കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോൾ ചർച്ച് ഹിൽ ഹൈറ്റ്സിൽ രണ്ട് അപരിചിത വാഹനങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു.

എഫ്ബിഐ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകൾ ഇല്ലെങ്കിലും ആ സാധ്യതയും പോലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ