ഇരുപതാണ്ടു പൂര്‍ത്തിയാക്കുന്ന മിലന്‍
Monday, February 17, 2020 12:31 PM IST
മിഷിഗണ്‍: മിലന്‍ അതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ ഈ വര്‍ഷത്തെ പ്രഥമ പ്രവര്‍ത്തകസമിതി മുതിര്‍ന്ന അംഗവും മുന്‍ പ്രസിഡന്റുമായ മാത്യു ചെരുവില്‍ ചെയര്‍മാനും സെക്രട്ടറി അബ്ദുല്‍ പുന്നയൂര്‍ക്കുളം കണ്‍വീനറും ആയി 15 അംഗ ആഘോഷക്കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ആധുനിക കവിത്രയങ്ങളില്‍ പ്രമുഖനായ വള്ളത്തോളിന്റെ സാഹിത്യ സംഭാവനകളെ അധികരിച്ചുള്ള സതീഷ് മാടമ്പത്തിന്റെ അനുസ്മരണ പ്രഭാഷണത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

മനുഷ്യസ്‌നേഹവും ദേശസ്‌നേഹവും ദൈവസങ്കല്പങ്ങളുടെ മനോഹാരിതയും നിരവധി കവിതകളിലൂടെ മലയാളിക്ക് മതിയാവോളം പകര്‍ന്നുനല്‍കിയ വള്ളത്തോളിന്റെ സമഗ്ര സംഭാവനകളെ സംബന്ധിച്ച്, തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തോമസ് കര്‍ത്താനാല്‍, സാം ജീവ്, സുരേന്ദ്രന്‍ നായര്‍, ആന്റണി മണലേല്‍, മനോജ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

കേരളത്തിലെയും അമേരിക്കയിലെയും പ്രസിദ്ധരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും, കവിയരങ്ങും, പഠന ക്യാമ്പും ആഘോഷങ്ങളുടെ ഭാഗമായി ഇക്കൊല്ലം നടത്തുവാനും തീരുമാനിച്ചു.

മാതൃഭാഷയുടെ ദീപ്തമായ സ്മരണകള്‍ നിലനിര്‍ത്താനായി നിരന്തരം പ്രവര്‍ത്തിച്ച മിലന്റെ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കാനും ഇതുവരെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ സ്മരണിക പുറത്തിറക്കാനും തീരുമാനിച്ചു. സ്മരണികയുടെ ചീഫ് എഡിറ്ററായി ദിലീപ് നമ്പീശനെയും, പ്രചാരണ വിഭാഗം സംയോജകരായി ജെയിന്‍ മാത്യ ദിനേശ് ലക്ഷ്മണന്‍ എന്നിവരെയും ചുമതലപ്പെടുത്തി.

ലക്ഷണമൊത്ത രചനകളെയും എഴുത്തിന്റെ വഴികളെയും യുവ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പഠന ശിബിരവും കാവ്യ സന്ധ്യയും ഏപ്രില്‍ ആദ്യവാരം നടത്തുവാനും പഠന ക്യാമ്പിന്റെ കണ്‍വീനറായി ഡോ: ശാലിനി ജയപ്രകാശിനെയും, കാവ്യസന്ധ്യയുടെ കാര്യദര്‍ശിയായി ബിന്ദു പണിക്കരെയും നിശ്ചയിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മനോജ് വാരിയരുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം