പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു
Tuesday, February 25, 2020 7:03 PM IST
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി പ്രവാസി സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ പ്രവാസി കോൺക്ലേവ് ട്രസ്റ്റ് (പിസിടി) പ്രവർത്തനം ആരംഭിച്ചു. എറണാകുളം ദിവാൻസ് റോഡ് കെ.ജെ. ജോസഫ് ലെയിനിൽ ആരംഭിച്ച ഓഫീസ് ജസ്റ്റീസ് കെ. നാരായണകുറുപ്പ് ഉദ്ഘാടനം ചെയ്തു.

പ്രവാസികൾക്ക് ഇന്ത്യയിൽ തങ്ങാനുള്ള കാലാവധി 4 മാസമായി ചുരുക്കിയ കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കുന്നതുൾപ്പെടെ നോർക്കയ്ക്ക് ഇടപെടാനാവാത്ത പ്രവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുക. പ്രവാസികളുമായി ബന്ധപ്പെട്ട സിവിൽ കേസുകൾ അനുരഞ്ജനത്തിലൂടെ തീർപ്പാക്കുന്നതിനുള്ള മീഡിയേഷൻ ആൻഡ് ആർബിട്രേഷൻ സെന്‍റർ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുക. പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ അംഗീകാരമുള്ള ട്രൈബ്യൂണൽ കൊച്ചിയിൽ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം

പുതിയ ഭാരവാഹികളായി അലക്സ് വിളനിലം കോശി (ചെയർമാൻ), ആന്‍റണി പ്രിൻസ് (പ്രസിഡന്‍റ്), സിറിയക് തോമസ് (സെക്രട്ടറി), ബാലഗോപാൽ വെളിയത്ത് (ട്രഷറർ), അനിൽ ജോസഫ് (അഡ്മിനിസ്ട്രേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.