ജോർജിയ ഹൈവേ അപകടം; അഞ്ചു കുടുംബാംഗങ്ങൾ ഉൾപ്പെടെ 6 മരണം
Tuesday, February 25, 2020 8:58 PM IST
ജോർജിയ: ഇന്‍റർ സ്റ്റേറ്റ് 95 ൽ ഫെബ്രുവരി 23 നുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ ഉൾപ്പെടെ ആറു പേർ മരിച്ചതായി ലിബർട്ടി കൗണ്ടി അധികൃതർ അറിയിച്ചു.

ഫ്ലോറിഡായിൽ നിന്നുള്ള 77 കാരൻ ഓടിച്ചിരുന്ന കാർ കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന എസ്‌യുവിൽ ഇടിച്ചതിനെ തുടർന്ന് ആറുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

എസ്‌യുവിലുണ്ടായിരുന്ന നാഥൻ റോബിൻസൺ (37), സാറാ റോബിൻസൺ (41), മക്കളായ സ്റ്റീഫൻ റോബിൻസൺ (7), ബൈക്ക റോബിൻസൺ (12), അലക്സാണ്ടർ റോബിൻസൺ (4) എന്നിവർ ഫ്ലോറിഡായിലേക്കുള്ള യാത്ര മധ്യേ ആണ് അപകടത്തിൽപെട്ടത്.

മുതിർന്ന യാത്രക്കാരന്‍റെ വാഹനം റോഡിൽ നിന്നും തെന്നിമാറി എതിർദിശയിലൂടെ യാത്ര ചെയ്തിരുന്ന എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു.സംഭവത്തെ തുടർന്നു മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. മൃതദേഹങ്ങളും തകർന്ന വാഹനങ്ങളും നീക്കം ചെയ്തു വാഹനഗതാഗതം പുനരാരംഭിച്ചുവെന്നും ലിബർട്ടി കൗണ്ടി ഡപ്യൂട്ടി ലഫ്റ്റ് ജെയ്സൺ കോൽവിൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ