കെഎച്ച്‌എൻജെ യുടെ പൊങ്കാല മഹോത്സവത്തിന്‌ സാംസ്കാരിക കേരളത്തിന്‍റെ പ്രാതിനിധ്യം
Thursday, February 27, 2020 10:18 PM IST
ന്യൂ ജേഴ്സി: കേരള ഹിന്ദൂസ്‌ ഓഫ്‌ ന്യൂ ജഴ്സി (കെഎച്ച്‌ എൻ ജെ) മാർച്ച്‌ 8നു നടത്തുന്ന പൊങ്കാല മഹോത്സവത്തിൽ പ്രശസ്ത കവയത്രിയും കേരള വനിത കമ്മീഷൻ മുൻ അംഗവും ശബരിമല കർമസമിതി ദേശീയ സെക്രട്ടറിയും തപസ്യ കലാസാംസ്കാരിക സംഘടനയുടെ വൈസ്‌ പ്രസിഡന്‍റുമായ ഡോ. പ്രമീള ദേവി പങ്കെടുക്കും.

വാഴൂർ എസ്‌ വി ആർ എൻ എസ്‌ എസ്‌ കോളജിലെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയായിരുന്ന ഡോ. പ്രമീള ദേവി മികച്ച പ്രാസംഗികയും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സമാധാനം തുടങ്ങി ഒട്ടനേകം സാമൂഹ്യപ്രവർത്തനങ്ങളിൽ അഗ്രഗണ്യയുമാണ്‌‌. നേരാഴം, നിഷാദം, രാമേശ്വരം കടൽ, വാടകവീട്ടിലെ സന്ധ്യ, നാടകാന്തം, അവിടുത്തെ ഹിതം എന്നീ ആറ്‌ മലയാള കവിത സമാഹാരങ്ങൾ, അൻപത്തഞ്ച്‌ വിശ്വസാഹിത്യകൃതികളുടെ പരിഭാഷകൾ, മൂന്ന് ഇംഗ്ലീഷ് കവിത സമാഹാരങ്ങൾ‌, അഞ്ച്‌ പഠനഗ്രന്ഥങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്‌. പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യവും പരസ്പരപൂരകവുമായ ബന്ധവും മനുഷ്യമനസിന്‍റെ വൈവിധ്യപൂർണമായ മാനങ്ങളുമെല്ലാം പ്രമീള ദേവിയുടെ രചനകളിൽ പ്രകടമാണ്‌.

സമസ്തകേരള പരിഷത്ത്‌, കേരള സാഹിത്യ അക്കാദമി യുവകവി, മഹാകവി കുട്ടമത്ത്‌ അവാർഡ്‌, പൂന്താനം അവാർഡ്‌, വെണ്മണി സാഹിത്യ അവാർഡ്‌ എന്നിങ്ങനെ സാഹിത്യത്തിൽ പന്ത്രണ്ടും‌ സാമൂഹ്യസേവനത്തിൽ ഏഴും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഐക്യരാഷ്ട്രസഭയുടെ സമാധാന പുനഃസ്ഥാപന സമിതിയിൽ അംഗം, യു ജി സി യുടെ ആദ്യ സ്ത്രീ ശാക്തീകരണ പരിശീലക, ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച്‌ ഗൈഡ്‌ എന്നീ നിലകളിലും പ്രശസ്തയാണ്‌.

ലോകമെമ്പാടും ആറ്റുകാലമ്മക്ക്‌ പൊങ്കാലയിടുമ്പോൾ ന്യൂ ജഴ്സിയിലെ പൊങ്കാലവേദിയിലേക്ക്‌ കവിത കൊണ്ടും സാമൂഹ്യപ്രവർത്തനങ്ങൾ കൊണ്ടും മലയാളത്തെ ‌ ധന്യമാക്കിയ ഡോ. പ്രമീള ദേവിയുടെ സാന്നിദ്ധ്യം എന്തുകൊണ്ടും അനുയോജ്യവും, സന്തോഷകരവുമാണെന്ന് കെ എച്ച്‌ എൻ ജെ പ്രസിഡന്‍റ് സഞ്ജീവ്കുമാർ, സെക്രട്ടറി ഡോ. ലത നായർ എന്നിവർ അറിയിച്ചു.

സോമർസെറ്റ്‌ ശ്രീവരി ശ്രീ ബാലാജി അമ്പലത്തിൽ മാർച്ച്‌ 8 നു (ഞായർ) ഉച്ച കഴിഞ്ഞ്‌ 3 മുതൽ 6 ‌വരെയുള്ള പൊങ്കാലക്ക്‌ ആവശ്യമായ എല്ലാ സാമഗ്രികളും കെ എച്ച്‌ എൻ ജെ നൽകുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് KHNJ.US/events/Pongala-2020/ സന്ദർശിക്കുക.