മുസ് ലിം പള്ളികളില്‍ ബാങ്ക് വിളിക്കാനുള്ള ഓര്‍ഡിനന്‍സിന് സിറ്റി കൗണ്‍സിലിന്‍റെ പ്രാഥമിക അനുമതി
Friday, February 28, 2020 4:23 PM IST
ന്യൂജേഴ്സി: മുസ് ലിം പള്ളികളില്‍ അഞ്ചു നേരവും ബാങ്ക് (അദാന്‍) വിളിക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സിലില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു.

കൗണ്‍സിലര്‍ ഷാഹിന്‍ ഖാലിക്ക് അവതരിപ്പിച്ച പുതുക്കിയ ശബ്ദ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വോട്ടു ചെയ്തു. കൗണ്‍സില്‍ അംഗങ്ങളായ അബ്ദെലാസിസ്, കോട്ടണ്‍, മൈക്കല്‍ ജാക്സണ്‍, ഖാലിക്ക്, മിംസ്, റിവേര, ഡാവില എന്നിവര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മക്കോയിയും വെലസും വിട്ടുനിന്നു.

"അദാന്‍' ഉള്‍പ്പെടെയുള്ള പ്രാര്‍ഥനയിലേക്കുള്ള വിളികളെ ശബ്ദ മലിനീകരണ ഓര്‍ഡിനന്‍സില്‍ നിന്ന് ഒഴിവാക്കി. മുമ്പത്തെ ഓര്‍ഡിനന്‍സില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയായിരുന്നു സമയപരിധി. എന്നാല്‍ പുതുക്കിയ ഓര്‍ഡിനന്‍സില്‍ സമയ നിയന്ത്രണം ഉള്‍പ്പെടുത്തിയിട്ടില്ല. അദാന് നിലവിലുള്ള ഡെസിബെല്‍ പരിധി പാലിക്കേണ്ടതുണ്ടെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. അദാന് 80 ഡെസിബെലില്‍ കവിയാന്‍ പാടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം ഖാലിക്ക് അവതരിപ്പിച്ച ഓര്‍ഡിനന്‍സിനെതിരെ ടെലിഫോണിലൂടെയും ഇമെയിലുകളിലൂടെയും നിരവധിപേർ എതിർപ്പു പ്രകടിപ്പിച്ചതായി കൗണ്‍സില്‍ പ്രസിഡന്‍റ് മാരിറ്റ്സ ഡാവില പറഞ്ഞു. ഓര്‍ഡിനന്‍സിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കൗണ്‍സിലിന് മുന്നില്‍ ഹാജരാകാന്‍ ജനങ്ങളെ പ്രേരിപ്പിച്ച മേയര്‍ ആന്‍ഡ്രേ സയേഗിനെ ഖാലിക് വിമര്‍ശിച്ചു.

ഓര്‍ഡിനന്‍സിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 10 ന് സിറ്റി ഹാളില്‍ പൊതുയോഗം നടക്കും.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ