ലക്ഷ്മി ശ്രീധരൻ സാൾട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ
Friday, February 28, 2020 4:51 PM IST
വാഷിംഗ്ടൺ: സൗത്ത് ഏഷ്യൻ അമേരിക്കൻസ് ലീഡിംഗ് ടു ഗെതർ (South Assian Americans Leading Together) പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ലക്ഷ്മി ശ്രീധരൻ നിയമിതയായി. സമൂഹത്തിൽ തുല്യ നീതിക്കുവേണ്ടി പോരാടുന്ന സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി സംഘടനയായ സാൾട്ടിന്‍റെ ദേശീയ നയരൂപീകരണ സമിതിയുടെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ലക്ഷ്മി.

സാൾട്ടിന്‍റെ പുതിയ അധ്യക്ഷനായി സിംറാൻ നൂറിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി ഇമിഗ്രേഷനെ കുറിച്ച് സമഗ്രമായി പഠനം നടത്തിവരികയും വംശീയ ലഹളകളെ എങ്ങനെ നേരിടണമെന്നുള്ളതിന് നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്ത ലക്ഷ്മി, ദേശീയ തലത്തിലും ഏഷ്യൻ കമ്യൂണിറ്റിയിലും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ലൂസിയാനയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കത്രീനക്കുശേഷം ന്യു ഓർലിയൻഡിൽ ആറു വർഷം താമസിച്ചു ദുരിതബാധിതരെ സഹായിക്കുന്നതിനും പുനരുദ്ധാരണത്തിനും നേതൃത്വം കൊടുക്കുവാൻ ലക്ഷ്മി സന്നദ്ധയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, മാസ്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച ഇവർ മികച്ച ഒരു സംഘാടക കൂടിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ