'വര്‍ക്ക് ഫ്രം ഹോം' സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ ബേ മലയാളി 'അന്താക്ഷരി പയറ്റ്'
Wednesday, March 25, 2020 12:17 PM IST
സാന്‍ ഫ്രാന്‍സിസ്‌കോ : 'വര്‍ക്ക് ഫ്രം ഹോം' സമ്മര്‍ദങ്ങള്‍ അതിജീവിക്കാം നമുക്ക് സംഗീതത്തിലൂടെ, മരണം കറുത്ത ചിറകുകള്‍ വീശുമ്പോള്‍ മലയാളി കുടുംബങ്ങളേ, നമുക്ക് കൈ കോര്‍ക്കാം. സാമൂഹ്യ സമ്പര്‍ക്കം നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ മുന്നില്‍ കണ്ട്, അതിനെ അതിജീവിക്കാനുള്ള വിനോദ പരിപാടി ബേ മലയാളി ആസൂത്രണം ചെയ്യുന്നു. രാജ്യം മുഴുവനുമുള്ളവര്‍ക്ക് കുടുംബ സമേതം പങ്കെടുക്കാവുന്ന 'അന്താക്ഷരി പയറ്റ്'.

ലോകം മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് സംഹാരതാണ്ഡവം തുടരുന്നു . സ്വജീവന്‍ പണയപ്പെടുത്തി രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവകര്‍ , ജോലി നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സാധാരണക്കാര്‍ , അത്യാവശ്യ ചികിത്സകള്‍ മാറ്റിവെയ്‌ക്കേണ്ടിവരുന്ന രോഗികള്‍ ഇങ്ങനെ പോകുന്നു ആശങ്കകളുടെ നീണ്ടനിര.

'വര്‍ക്ക് ഫ്രം ഹോം' ഫാമി ലികള്‍ക്കായി കുടുംബ സമേതം ഇതാ രാജ്യം മുഴുവനും പങ്കെടുക്കാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ അന്താക്ഷരി മത്സരം . മ്യൂസിക് റൗണ്ട്, വീഡിയോ റൗണ്ട് , ലിറിക്‌സ് റൗണ്ട് , ഡയലോഗ് റൗണ്ട് ബിജിഎം റൌണ്ട് എന്നിങ്ങനെ സൂം പ്ലാറ്റ്‌ഫോമില്‍ നൂറു പേര്‍ക്ക് ഒരേ സമയം ഈ മത്സരത്തില്‍ പങ്കെടുക്കാം ഫേസ്ബുക്ക്, യൂട്യൂബ് എന്നീ ദൃശ്യമാധ്യമങ്ങളിലൂടെ ഇത് സ്ട്രീം ചെയ്തു പ്രേക്ഷകര്‍ക്ക് കാണാനുള്ള അവസരവും ഉണ്ടാകും .

ഏപ്രില്‍ നാലിനു തുടങ്ങി മൊത്തം എട്ട് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന 'അന്താക്ഷരി പയറ്റ്' സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സിലിക്കണ്‍വാലിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവും കാസ് കേഡ് കാലിഫോര്‍ണിയ റിയാലിറ്റി സി.ഇ.ഓ യുമായ മനോജ് തോമസ് ആണ്. ഒരാഴ്ച്ച ആറ് പേരാണ് മത്സരിക്കുക . ഓരോ ആഴ്ചയും വിജയിയെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നു , പ്രതിവാര വിജയികള്‍ ക്രമേണ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. ഓരോ ആഴ്ച്ചയും വിജയികളാകുന്ന എട്ട് ടീമുകള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും . അഞ്ച് ഡോളര്‍ ആണ് റെജിസ്‌ട്രേഷന്‍ ഫീ. രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക https://baymalayali.org/anthakshari/

മലയാളി ബിസിനസിനുകൂടി ഒരു കൈത്താങ്ങാവുന്ന വിധത്തിലാണ് സമ്മാനപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വിജയികളുടെ താമസ സ്ഥലത്തിനടുത്തുള്ള മലയാളി ബിസിനസുകളില്‍ നിന്നും ബേ മലയാളി വാങ്ങുന്ന കാഷ് സര്‍ട്ടിഫിക്കറ്റുകളായിരിക്കും സമ്മാനം .

കോര്‍ഡിനേറ്റര്‍സ് ആയ ജീന്‍ ജോര്‍ജ്, സുഭാഷ് സ്‌കറിയ , ജിജി ആന്റണി, അനൂപ് പിള്ളൈ , എല്‍വിന്‍ ജോണി , ജോര്‍ജി ജോര്‍ജ്ജ് , ശരത്, സജന്‍ മൂലേപ്ലാക്കല്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും . ബേ മലയാളിക്കൊപ്പം കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണയോടെയായിരിക്കും ഈ പരിപാടി നടത്തപ്പെടുക. മങ്ക, സര്‍ഗം , വാലി മലയാളി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, സര്‍ഗവേദി, മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റ് മാരായ യഥാക്രമം ശ്രീജിത് കറുത്തോടി , രാജന്‍ ജോര്‍ജ് , സിന്ധു വര്‍ഗീസ്, ജോണ്‍ കൊടിയന്‍ , രവി ശങ്കര്‍ എന്നിവര്‍ വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കോര്‍ഡിനേറ്റേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കുന്നു.

ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ഈ സംരംഭത്തിന് പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് വെസ്‌റ്റേണ്‍ റീജിയന്‍ നേതാക്കളായ സാജു ജോസഫ് , ജോസഫ്, ഔസോ , സിജില്‍ പാലക്കലോടി, റോഷന്‍ ജോണ്‍ എന്നിവരും സംഘാടകര്‍ക്കൊപ്പമുണ്ട്.

ഇതിനോട് ചേര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ മാനസിക ശാരീരിക ആരോഗ്യം നില നിര്‍ത്താനായി ഉടനെ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍, മൈന്‍ഡ് ഫുള്‍നെസ്. ഓണ്‍ലൈന്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റുകള്‍ എന്നിവകൂടി തുടങ്ങുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോണ്‍ മാത്യു കല്ലറക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബിന്ദു ടിജി