കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും
Thursday, March 26, 2020 7:07 PM IST
ന്യൂയോർക്ക്: രാജ്യത്ത് കൊറോണ വൈറസ് മൂലം വിഷമതകൾ അനുഭവിക്കുന്നവരെ സഹായിക്കാനായി ഏപ്രിൽ 29 നു നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ഉപേക്ഷിച്ച്, ജനസേവന പരിപാടികളിൽ പങ്കെടുക്കാൻ വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ തീരുമാനിച്ചു. അതാത് സ്ഥലത്തെ ഗവൺമെന്‍റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു അനുസരിച്ചും അതുമായി സഹകരിച്ചും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനാണ് അസോസിയേഷന്‍റെ തീരുമാനം.

ഒരു പ്രശ്നത്തെ അവഗണിക്കുന്നതല്ല അതിനുള്ള പരിഹാരം മറിച്ചു ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. കൊറോണ വൈറസ് എന്നത് ഒരു സാമൂഹിക പ്രശ്നമാണ്. അതിനെ സാമൂഹികമായി തന്നെ നേരിടുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ന്യൂ യോർക്ക് മലയാളികള്‍ക്ക് സഹായമെത്തിക്കാൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകർ മുന്നോട്ടുവന്നത്.

വൈറസ് പടരുന്നതുതടയാൻ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി കർശന നടപടികൾ അതാതു സിറ്റി , കൗണ്ടി സ്റ്റേറ്റ് ഗവൺമെന്‍റുകൾ സ്വീകരിച്ചു വരുന്നു. ഇതിന്‍റെ ഭാഗമായി പല കുടുംബങ്ങളിലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തെ മറികടക്കുക എന്നത് കൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ശ്രമം.

അമേരിക്കയിലെ ഏതെങ്കിലും മലയാളി കുടുംബത്തിനു അടിയന്തരമായി ഭക്ഷണമോ ഭക്ഷണസാധനകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സഹായമോ ആവശ്യമെങ്കിൽ അത് നല്‍കേണ്ടത് ഈ സമയത്തു നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മിക്ക ആശുപത്രികളിലും മെഡിക്കൽ സ്റ്റാഫിന്‍റെ കുറവുകൾ ഉണ്ട്. നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതെ വരികയും ചെയ്തേക്കാം.

രോഗം വന്നാല്‍ ചികില്‍സ നല്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. എല്ലാ ആശുപത്രികളിലും പഴയതിനെക്കാൾ കൂടുതൽ ബെഡുകളും വെന്‍റിലേറ്ററുകളും ഒരുക്കി കഴിഞ്ഞു.ഗവൺമെന്‍റും ആരോഗ്യസംവിധാനങ്ങളും പഴയതു പോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്. നമ്മളിൽ ആർക്കെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവരികയാണെണെങ്കിൽ 911 വിളിച്ചു സഹായം അഭ്യർഥിക്കുക. ഇൻഷ്വറൻസ് ഇല്ലാ എങ്കിൽ തന്നെ ഒരു ആശുപത്രിയും ചികിത്സ നിഷേധിക്കില്ല. പലർക്കും ഇൻഷ്വറൻസ് ഇല്ല എന്ന കാരണത്താൽ ആശുപത്രിയിൽ പോകാൻ മടിയാണ്. ഈ അടിയന്തര ഘട്ടത്തിൽ നമ്മുടെ ആരോഗ്യമാണ് വലുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ എമെർജൻസിയിൽ തന്നെ പോകുക. നമ്മുടെ രോഗ ലക്ഷണത്തിന്‍റേയും ആരോഗ്യത്തിന്‍റെയും അനുസരിച്ചു അവർ നമുക്ക് ഗൈഡൻസ് തരുന്നതായിരിക്കും.

വൈറസ് ബാധ മൂലം ഏതെങ്കിലും മലയാളികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ രീതിയിലുമുള്ള സാമൂഹിക സഹായങ്ങള്‍ നല്‍കുക എന്നത് നമ്മുടെ ഏവരുടെയും കടമയാണ്. കോവിഡ്19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോകം സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ക്കുകയാണ് നമ്മൾ മലയാളികളും. നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം. സമാന സംഘടനകളുമായും സന്നദ്ധ സംഘടനകളുമായും കൈ കോർത്ത് സഹായം വേണ്ടുന്നവരിലേക്കു നമുക്ക് എത്തിക്കാം.

രോഗ ശാന്തിക്കുവേണ്ടി പ്രാർഥിക്കുന്നതിനോടൊപ്പം ഇനിയും ആരിലേക്കും ഈ രോഗം പകരല്ലേ എന്നാണ് അസോസിയേഷന്‍റെ പ്രാർഥന. കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഏതെങ്കിലും ആളുകൾക്ക് ആവശ്യമെങ്കിൽ അസോസിയേഷന്റെ ഭാരവാഹികളുമായോ പ്രവർത്തകരുമായോ സമീപിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

സഹായങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതിന് വേണ്ടി പ്രമുഖ സമുഖ്യ പ്രവർത്തകനും വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ് കമ്മീഷണർ കൂടിയായ തോമസ് കോശിയെ ചുമതലപ്പെടുത്തി. തോമസ് കോശി 914 310 2242 , ഗണേഷ് നായർ ( പ്രസിഡന്‍റ്) 914 281 1244, കെ.ജി. ജനാർദ്ദനൻ ((വൈസ് പ്രസിഡന്‍റ്) 914 843 7422, ടെറൻസൺ തോമസ് (സെക്രട്ടറി) 914 255 0176, രാജൻ ടി. ജേക്കബ് ( ട്രഷർ) 914 882 8174, ഷാജൻ ജോർജ് (ജോയിന്‍റ് സെക്രട്ടറി) 914 772 1557, ചാക്കോ പി. ജോർജ് ((ട്രസ്റ്റി ബോർഡ് ചെയർ) 914 720 2051.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ