കോവിഡ് 19: ഡാളസിൽ സൈന്യത്തെ വിന്യസിച്ചു
Saturday, March 28, 2020 11:29 AM IST
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കൗണ്ടികളിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് 19 ബാധിച്ച് മരിക്കുകയും രോഗബാധിതരാകുകയും ചെയ്ത ഡാളസ് കൗണ്ടിയിൽ ദേശീയ സുരക്ഷാ സേനയെ നിയോഗിച്ചതായി ഗവർണർ ഗ്രേഡ് ഏബട്ട്. നിയന്ത്രണാതീതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു.

ഡാളസ് കൗണ്ടിയിൽ വെള്ളിയാഴ്ച മാത്രം പുതിയതായി 64 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ സംസ്ഥാനത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 367 ആണ്. ഏഴു പേർ ഇവിടെ മരിക്കുകയും ചെയ്തു.

നോർത്ത് ടെക്സസിൽ മൂന്നു ബ്രിഗേഡുകളെയാണ് വിട്ടു നൽകിയതെന്നും അതിൽ ഒരെണ്ണം ഡാളസ് കൗണ്ടിയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരെ സഹായിക്കാനായി നിയോഗിച്ചിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പട്ടാള നിയമം നടപ്പിലാക്കുന്നതിനല്ല , മറിച്ച് കൊറോണ വൈറസ് കണ്ടെത്തുന്നതിനും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് സേനയുടെ ദൗത്യമെന്നും ഗവർണർ കൂട്ടിചേർത്തു.

ഡാളസ് കൗണ്ടിയിൽ രോഗബാധിതരായി ആശുപത്രിയിൽ എത്തുന്നവരിൽ 30 ശതമാനം രോഗികളേയും ഇന്‍റൻസീവ് കെയർ യൂണിറ്റിലാണ് അഡ്മിറ്റ് ചെയ്യുന്നത്. ബഹുഭൂരിപക്ഷം രോഗികളും 60 വയസിനു മുകളിലുള്ളവരാണെന്നും ആശുപത്രി അധികൃതർ പറയുന്നു.

റിട്ടയർ ചെയ്ത പരിചയ സന്പന്നരായ മെഡിക്കൽ സ്റ്റാഫിനെ ഏപ്രകാരം പ്രയോജനപ്പെടുത്താം എന്നു പരിശോധിച്ചുവരികയാണെന്നും ഡാളസ് കൗണ്ടി മെഡിക്കൽ സൊസൈറ്റി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ