മാര്‍ത്തോമ സഭയുടെ ഇടവക തലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക: ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്
Monday, March 30, 2020 12:34 PM IST
ന്യുയോര്‍ക്ക്: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിലെ ഇടവക തലങ്ങളില്‍ ആവശ്യത്തിലായിക്കുന്നവരെ സഹായിക്കുവാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നു ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഇടവകള്‍ക്ക് അയച്ച സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചു.

ഭദ്രാസനത്തിലെ വിവിധ മേഖലകളിലുള്ള ഇടവകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനസഖ്യം, യൂത്ത് ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയപ്പെട്ടായിരിക്കണം ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കേണ്ടത്.

പ്രാദേശിക തലങ്ങളില്‍ ഏകാന്തത അനുഭവിക്കുന്നവരെയും, പ്രായമായിരിക്കുന്നവരെയും സംരക്ഷിക്കേണ്ട കടമ ഈ സന്ദര്‍ഭത്തില്‍ മുന്‍ഗണന നല്‍കേണ്ടതാണ്. വൈറസ് തടയുന്നതിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ് കൂടാതെ മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാകുന്ന വിധം സംഭരിച്ച് ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് നല്‍കുവാന്‍ ശ്രമിക്കേണ്ടതാണ്. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ ഒരു പങ്ക് ഭദ്രാസനത്തില്‍ നിന്ന് ആവശ്യമെങ്കില്‍ നല്‍കുന്നതാണെന്നും ബിഷപ് അറിയിച്ചു.

ആതുര സേവന മേഖലയില്‍ ആയിരിക്കുന്ന ഡോക്ടേഴ്‌സ്, നേഴ്‌സസ്, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയ വിവിധ ആവശ്യ സര്‍വ്വീസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം അവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ വേണ്ട ആത്മധൈര്യവും, ബലവും നല്‍കുവാന്‍ ഏവരും തങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും ഓര്‍ക്കണമെന്നും ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം