ഷിക്കാഗോ മലയാളികൾഷിക്കാഗോ ട്രാവൽ ആൻഡ് കോൺസുലേറ്റ് അഫയേഴ്‌സ് കമ്മിറ്റിയും സീനിയർ സിറ്റിസൺ അഫയേഴ്‌സ് കമ്മറ്റിയും
Monday, March 30, 2020 5:51 PM IST
കൈകോർത്ത് ചിക്കാഗോ മലയാളികൾ: ജോൺ പാട്ടപ്പതിയുടെ നേതൃത്വത്തിൽ ട്രാവൽ & കോൺസുലേറ്റ് അഫേയ്ഴ്സ് കമ്മറ്റിയും ജോൺസൻ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ അഫയേഴ്‌സ് കമ്മറ്റിയും സജീവം.


ഷിക്കാഗോ: കോവിഡ് - 19 നെ പ്രതിരോധിക്കുവാൻ ഷിക്കാഗോ മലയാളികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മക്ക് ഊർജം നൽകി ഫോമാ നാഷണൽ കൗൺസിൽ അംഗം ജോൺ പാട്ടപ്പതിയുടെ നേതൃത്വത്തിൽ ട്രാവൽ ആൻഡ് കോൺസുലേറ്റ് അഫയേഴ്‌സ് കമ്മിറ്റിയും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടന്‍റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ അഫയേഴ്‌സ് കമ്മറ്റിയും സജീവമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോവുകയാണ്.

യാത്രാ വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും കർശനമായി നടപ്പിലായിരിക്കുന്ന അവസരത്തിൽ അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര വേണ്ടി വരുന്നവർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുക എന്ന ഉദ്ദേശത്തോടെയാണ് ട്രാവൽ ആൻഡ് കോൺസുലേറ്റ് അഫയേഴ്‌സ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചുകൊണ്ട്, കോൺസുലേറ്റിന്‍റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഈ കമ്മിറ്റി പ്രവർത്തനനിരതമാണ്. ഇതിനകം തന്നെ ഈ സന്നദ്ധ കൂട്ടായ്‌മയുടെ ടോൾ ഫ്രീ നമ്പരിലേക്ക് വിളിച്ച പലർക്കും സഹായമാകുവാൻ ഈ കമ്മിറ്റിക്ക് സാധിച്ചു എന്ന് അംഗങ്ങളായ ജോൺ പാട്ടപ്പതി, ജോസ് മണക്കാട്ട്, ഗ്ലാഡ്‌സൺ വർഗസ്, ജോസി കുരിശുങ്കൽ എന്നവർ അറിയിച്ചു.

ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തിൽ ഏറെ ശ്രദ്ധ ആവശ്യമുള്ള കമ്മിറ്റിയാണ് സീനിയർ സിറ്റിസൺ അഫയേഴ്‌സ് കമ്മറ്റി. കോവിഡ് 19 ബാധിച്ചാൽ, അത് കൂടുതൽ പ്രശനങ്ങൾ സൃഷ്ടിക്കുന്നത് പ്രായം ചെന്നവരിലും മറ്റു അസുഖങ്ങൾ ഉള്ളവരിലും ആണ് എന്നതിനാൽ, സീനിയർ സിറ്റിസൺ ആയിട്ടുള്ള ഷിക്കാഗോയിലെ മലയാളി സമൂഹാംഗങ്ങൾക്ക് സഹായം എത്തിക്കേണ്ടത് മലയാളി സമൂഹത്തിന്‍റെ ഈ സന്നദ്ധ കൂട്ടായ്‌മയുടെ ഉത്തരവാദിത്വമാണ് എന്ന് കമ്മിറ്റി ചെയർമാനും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റു കൂടിയായ ജോൺസൺ കണ്ണൂക്കാടൻ അറിയിച്ചു. ഇതിനകം തന്നെ നിരവധിപേർക്ക് തങ്ങളെ കൊണ്ടാവുന്ന വിധത്തിലെല്ലാം സാഹായം എത്തിക്കുവാൻ സാധിച്ചു എന്നത് ഏറെ സംതൃപ്തി നൽകുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. മരുന്ന് , ഭക്ഷ്യ വസ്തുക്കൾ എന്നിവ ലഭ്യമാകുന്ന കാര്യത്തിലാണ് ഈ വിഭാഗത്തിന് കൂടുതൽ സഹായം വേണ്ടത് എന്നതിനാൽ ഷിക്കാഗോ മലയാളികൾ എൻ കൂട്ടായ്‌മയുടെ സന്നദ്ധ പ്രവർത്തകർ, സമൂഹത്തിലെ സീനിയർ സിറ്റിസൺ ആയിട്ടുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കിക്കൊണ്ട് തികഞ്ഞ ഏകോപനത്തോടെയാണ് കാര്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ സമൂഹത്തിലെ സീനിയർ സിറ്റിസൺ ആയിട്ടുള്ളവരെ വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുവാനും വോളന്‍റിയേഴ്‌സ് മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മെഡിക്കൽ ടീം, സോഷ്യൽ വർക്കേഴ്സ് ടീം, കൗൺസിലിംഗ് & സ്പിരിച്വൽ ടീം എന്നിവയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്, സമഗ്രമായ പിന്തുണ നൽകി കോവിഡ് - 19 ൽ നിന്നും പരമാവധി സംരക്ഷണം നൽകുവാൻ സാധിക്കത്തക്കവിധത്തിലുള്ള പ്രവർത്തങ്ങളാണ് സീനിയർ സിറ്റിസൺ കമ്മിറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ജോൺസൻ കണ്ണൂക്കാടന് പുറമെ ഫിലിപ്പ് പുത്തൻപുരയിൽ, ലീലാ ജോസഫ്, ജോസ് സൈമൺ മുണ്ടപ്ലാക്കൽ, രഞ്ജൻ എബ്രഹാം, ആന്റോ കവലക്കൽ, ജൈമോൻ നന്ദികാട്ട് എന്നിവർ കമ്മറ്റിയിൽ പ്രവർത്തിച്ചുവരുന്നു.

ഷിക്കാഗോയെ ആറു റീജണുകളായി തിരിച്ചുകൊണ്ട്, സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവരുടെ ഏകോപനത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികളിലൂടെ മുന്നോട്ട് നീങ്ങുന്നു.

മലയാളി സമൂഹത്തിലെ പലരും ഇതിനകം തന്നെ കോവിഡ് ബാധിതരായി തീർന്നിരിക്കുന്ന അവസരത്തിൽ 1 833 3KERALA (1 833 353 7252) എന്ന ടോൾ ഫ്രീ നമ്പർ മലയാളി സമൂഹത്തിന് സഹായ ഹസ്തമായി മാറിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം നാലായിരത്തിലധികം ആയിരിക്കുന്ന ഇല്ലിനോയി സംസ്ഥാനത്തിൽ കഴിഞ്ഞ Stay at Home ഓർഡർ വഴി അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തു പോകത്തക്ക വിധത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മലയാളി കുടുംബങ്ങൾ ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് "കൈകോർത്ത്" എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ആശുപത്രികളുടെയും മെഡിക്കൽ ടീമുകളുടെയും സേവനം പരിമിതവുമാകുമ്പോൾ മലയാളി സമൂഹത്തിന് എമർജൻസി മെഡിക്കൽ സൗകര്യം ഒഴിച്ച് മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കത്തക്ക രീതിയിലുള്ള ഡോകർമാരും നഴ്സ് പ്രാക്ടീഷണർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള സുസജ്‌ജമായ മെഡിക്കൽ ടീമിനെ ഉൾപ്പെടെ അണിനിരത്തിക്കൊണ്ടാണ് " കൈകോർത്ത്" പ്രവർത്തിക്കുന്നത്. മെഡിക്കൽ ടീമിന്‍റെ ഏകോപനം നിർവഹിക്കുന്നത് മറിയാമ്മ പിള്ള, ബ്രിജറ്റ് ജോർജ്, ജോർജ് നെല്ലാമറ്റം, സ്കറിയാകുട്ടി തോമസ് എന്നിവരാണ്. മെഡിക്കൽ ടീമിനു പുറമെ, ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകുന്ന പക്ഷം ഷിക്കാഗോ പ്രദേശത്തെ ഇന്ത്യൻ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട്, മലയാളി സമൂഹത്തിന് വ്യക്തമായ നിർദേശങ്ങൾ കൈമാറാനും സഹായം വേണ്ടിടത്ത് അത് എത്തിക്കുവാനും വേണ്ടി ഫുഡ് കമ്മിറ്റി ജോണി വടക്കുംചേരി, സണ്ണി വള്ളികുളം എന്നിവർ നയിച്ചുകൊണ്ടിരിക്കുന്നു. അവശ്യ സാധങ്ങളുടെ ദൗർലഭ്യം മനസിലാക്കി മലയാളി സമൂഹത്തെ സഹായിക്കുവാൻ വേണ്ടി സപ്ലൈ & സ്റ്റോക്ക് മോണിറ്ററിംഗ് കമ്മിറ്റിക്ക് സ്കറിയാക്കുട്ടി തോമസാണ് നേതൃത്വം നൽകി വരുന്നത്. മേഴ്‌സി കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ കൗൺസിലിംഗ് ആൻഡ് സോഷ്യൽ ഹെൽത്ത് കമ്മറ്റിയും പ്രവർത്തനം തുടങ്ങി. ഹെൽപ്പ് ലൈൻ കൂടാതെ സമൂഹ മാധ്യങ്ങങ്ങളിലൂടെ മലയാളി സമൂഹത്തിന്‍റെ പ്രശനങ്ങൾ മനസിലാക്കുവാനും സഹായം ആവശ്യമായ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി അരുൺ നെല്ലാമറ്റം, നിഷാ എറിക്ക് എന്നിവരുടെ നേതൃത്വത്തിൽ ഐടി സെൽ സ്തുത്യർഹമായ സേവനങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. സാബു നെടുവീട്ടിൽ, സ്റ്റാൻലി കളരിക്കമുറി എന്നിവർ റീജണൽ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ മുന്നേറ്റത്തിന്‍റെ അഡ്വൈസറി ബോർഡ് അംഗങ്ങളായി മാർ ജോയി ആലപ്പാട്ട്, ഫാ. ഹാം ജോസഫ്, മോൺ. തോമസ് മുളവനാൽ എന്നിവർ പ്രവർത്തിക്കുന്നു.

ഭീതിയും ഭയവും ഒഴിവാക്കി , സംയമനവും വിവേകവും കൈമുതലാക്കികൊണ്ട് ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ മഹാമാരിയിൽ തളരാതെ ഒരു സമൂഹമായി നിലനിൽക്കുവാൻ സാധിക്കും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് 150 ഓളം വരുന്ന വോളന്‍റിയേഴ്‌സ് ഒരുമിക്കുന്നത് എന്ന് പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഹെൽപ്പ് ലൈനിലേക്ക് വരുന്ന ഓരോ കോളുകൾക്കും വിളിക്കുന്നവരുടെ സ്വകാര്യത പരിപൂർണമായും കാത്തു സൂക്ഷിച്ചുകൊണ്ട്, യാതൊരുവിധ വ്യക്തി താല്പര്യങ്ങളുമില്ലാതെ കൈത്താങ്ങാകുവാൻ പ്രതിജ്ഞാബദ്ധമായ ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്‍റിയഴ്‌സിനും നന്ദി അറിയിക്കുന്നതായി കമ്മിറ്റികൾക്കുവേണ്ടി അദ്ദേഹം അറിയിച്ചു. ഹെൽപ്പ് ലൈനിലേക്കോ കമ്മിറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യർഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 1 833 353 7252 .

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ